അവര്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കണം; അത്രയും ഹൃദയവിശാലതയേ തനിക്കുള്ളൂ: സുരേഷ് ഗോപി

'പൊള്ളത്തരം വിളിച്ചുപറഞ്ഞ ഒരു വര്‍ഗത്തോടുള്ള മറുപടിയാണ് തന്റേത്. അവര്‍ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം
അവര്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കണം; അത്രയും ഹൃദയവിശാലതയേ തനിക്കുള്ളൂ: സുരേഷ് ഗോപി


തൃശൂര്‍: 'മോദി 15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമെന്നു കരുതിയോ' എന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. 'പൊള്ളത്തരം വിളിച്ചുപറഞ്ഞ ഒരു വര്‍ഗത്തോടുള്ള മറുപടിയാണ് തന്റേത്. അവര്‍ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം. അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ'- സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെക്കുറിച്ചു സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. പത്തനംതിട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

'15 ലക്ഷം ഇപ്പോ വരും. പുച്ഛമാണു തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലിഷ് നീ അറിയേണ്ട. ഇംഗ്ലിഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്നു നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോടു ചോദിച്ചു മനസിലാക്കണം. എന്താണു പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവര്‍ക്കു നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ടു ചെന്നു ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 1050 വര്‍ഷമായി എന്നു പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ച് പങ്കുവയ്ക്കാനുള്ള പണമുണ്ടത് എന്നു പറഞ്ഞതിന് മോദി ഇപ്പോത്തന്നെ ഈ കറവപ്പശുവിന്റെ മുതുകില്‍ തണുത്ത വെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്കു തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാനേ കഴിയൂ' - ഇതായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com