വലച്ചുകളഞ്ഞ ബാര്‍ കോഴക്കേസ്; മടക്കം കുറ്റവിമുക്തനാക്കും എന്ന സ്വപ്‌നം ബാക്കിയാക്കി

വലച്ചുകളഞ്ഞ ബാര്‍ കോഴക്കേസ്; മടക്കം കുറ്റവിമുക്തനാക്കും എന്ന സ്വപ്‌നം ബാക്കിയാക്കി

വിജിലന്‍സ് മൂന്നുവട്ടം ക്ലീന്‍ചിറ്റ് നല്‍കിയിട്ടും ബാര്‍കോഴക്കേസില്‍ കുറ്റവിമുക്തനാവാന്‍ കഴിയാതെയാണ്  കെഎം മാണിയുടെ അന്ത്യയാത്ര


തിരുവനന്തപുരം: വിജിലന്‍സ് മൂന്നുവട്ടം ക്ലീന്‍ചിറ്റ് നല്‍കിയിട്ടും ബാര്‍കോഴക്കേസില്‍ കുറ്റവിമുക്തനാവാന്‍ കഴിയാതെയാണ്  കെഎം മാണിയുടെ അന്ത്യയാത്ര. .മൂന്നുവട്ടവും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് കോടതികള്‍ തള്ളി.അന്ന് കെഎം മാണി പറഞ്ഞു, 'ഭരണഘടന പൊളിച്ചെഴുതണം. '

മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലാത്തതിനാല്‍ ബാര്‍കോഴക്കേസിലെ തുടര്‍നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിലും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി വഴങ്ങിയില്ല. അത് തള്ളുന്നതായും പുനരന്വേഷണത്തിനായി ഹര്‍ജിക്കാര്‍ക്കോ വിജിലന്‍സിനോ സര്‍ക്കാരിനെ സമീപിച്ച് അനുമതി നേടാമെന്നുമായിരുന്നു കോടതിയുടെ നിലപാട്.

യുഡിഎഫ് ഭരണകാലത്തും മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളും കോടതി തള്ളിയിരുന്നു. അഴിമതിനിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്കാവില്ല. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ അനുമതി നേടാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദ്ദേശിച്ചത്. 

ഡിസംബറില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ബാര്‍കോഴക്കേസ് തുടര്‍ന്നും അന്വേഷിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൂന്നാം പുനരന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങിയത്. കേസിന്റെ അവസാനഘട്ടത്തില്‍ പരാതിക്കാരില്‍ പലരും നിലപാടുകള്‍ മയപ്പെടുത്തിയിരുന്നു. മാണിക്കെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 

റിപ്പോര്‍ട്ടിനെതിരെ ആദ്യം നിശബ്ദത പാലിച്ച എല്‍ഡിഎഫ് കണ്‍വീനര്‍, വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ തടസഹര്‍ജി നല്‍കി. മാണിക്കെതിരെ കടുത്ത നിലപാടിലായിരുന്ന സിപിഐ ഇടയ്ക്ക് മയപ്പെട്ടെങ്കിലും പിന്നീട് കടുപ്പിച്ചു. വിഎസ് സുനില്‍കുമാര്‍ ആദ്യ രണ്ട് റിപ്പോര്‍ട്ടുകളെയും എതിര്‍ത്തെങ്കിലും മന്ത്രിയായ ശേഷം എതിര്‍സത്യവാങ്മൂലം അനുചിതമാകുമെന്ന നിലപാടെടുത്തു. 

എതിര്‍പ്പ് ശക്തമായപ്പോള്‍ സി.പി.ഐ നേതാവ് പികെരാജുവിനെ എതിര്‍ഹര്‍ജി നല്‍കാന്‍ ചുമതലപ്പെടുത്തി. സിപിഐ അഭിഭാഷക സംഘടന തുടക്കം മുതല്‍ മാണിക്ക് എതിരായിരുന്നു. സംഘടനയുടെ നേതാവ് വിആര്‍ വിജു മൂന്ന് തവണയും കോടതിയില്‍ തടസഹര്‍ജി നല്‍കി.

ബാറുടമ ബിജു രമേശും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റിനെതിരേ എതിര്‍ഹര്‍ജി നല്‍കി. കേസിലെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍, പരാതിക്കാരനായ ബിജുരമേശിന്റെ വക്കാലത്തെടുത്തിരുന്നു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിജുവിനുവേണ്ടി സതീശന്‍ ഗവര്‍ണറുടെ അനുമതി തേടുകയും വിജിലന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാവും മുന്‍പേ മാണി മരണത്തിന് കീഴടങ്ങി. 

എന്താണ് ബാര്‍ കോഴക്കേസ്? 

മാണിസാര്‍ എന്ന പേരില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നക്ഷത്രത്തിന്റെ ശോഭ കെടുന്ന കാലമായിരുന്നു ബാര്‍ക്കോഴ വിവരങ്ങള്‍ പുറത്തുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകള്‍. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് തിരിച്ചടിയായത്. ബാര്‍ കോഴയില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു.

ബാര്‍കോഴയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതിലും കലാശിച്ചു. ഒരുകാലത്ത് വലിയ സമ്മര്‍ദ്ദശക്തിയായിരുന്ന കെഎം മാണി ഒരു മുന്നണിയിലും ഇല്ലാതെ നിഷ്പ്രഭമായിപ്പോയ അവസ്ഥയിലേക്കെത്തി. ഇടതുമുന്നണി വീണ്ടും മുഖ്യമന്ത്രി പദം എന്ന പച്ചില കാട്ടി പ്രലോഭിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഈ മോഹത്തെ തല്ലിക്കെടുത്തി. എങ്കിലും ഏറെ വൈകാതെ യുഡിഎഫില്‍ തന്നെ തിരിച്ചെത്തി കേരള കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാലയിലെ മാണിക്യത്തിന് ആയി. അതേസമയം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകന്‍ ജോസ് കെ മാണിക്ക് കൈമാറണമെന്ന മോഹം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല എന്നതായിരുന്നു അവസാന കാലത്ത് മാണി സാറിനെ ഏറെ അലട്ടിയിരുന്നത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com