സ്വന്തം ചാനലുമായി സിറോ മലബാര്‍ സഭ; എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കല്‍ ലക്ഷ്യം

സിറോ മലബാര്‍ സഭയയുടെ നേതൃത്വത്തില്‍ പുതിയ വാര്‍ത്താ വിനോദ ചാനല്‍ വരുന്നു
സ്വന്തം ചാനലുമായി സിറോ മലബാര്‍ സഭ; എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കല്‍ ലക്ഷ്യം


തൃശൂര്‍: സിറോ മലബാര്‍ സഭയയുടെ നേതൃത്വത്തില്‍ പുതിയ വാര്‍ത്താ വിനോദ ചാനല്‍ വരുന്നു. 'ഷെകിന' (ഹീബ്രുവാക്ക്-മഹത്വത്തിന്‍ ദൈവീക സാന്നിധ്യം) എന്നാണ് ചാനലിന്റെ പേര്. തൃശൂര്‍ ജില്ലയിലെ പട്ടിക്കാടിന് അടുത്ത തളിക്കോട് നിന്നാണ് ചാനലിന്റെ സംപ്രേക്ഷണം. ഏപ്രില്‍ 28ന് തൃശൂരില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 

എറണാകുളം അങ്കമാലി അതിരുപതയുടെ പ്രതിമാസ ബുള്ളറ്റിന്‍ ആയ 'എറണാകുളം മിഷന്‍' കര്‍ദ്ദിനാളിന് ഈ ദിവസങ്ങളില്‍ തൃശൂരില്‍ പരിപാടിയുള്ളതായി വ്യക്തമാക്കുന്നു. ഉടന്‍ വരുന്ന സാറ്റലൈറ്റ് ചാനലാണ് ഷെകിന ടെലിവിഷന്‍ എന്ന് ഷെകിനചാനല്‍.ടിവി വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളെ സദ്‌വാര്‍ത്തകളിലേക്ക് നയിക്കുന്ന സവിശേഷമായ ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്താന്‍ പോകുന്നതെന്ന് ചാനല്‍ വെബ്‌സൈറ്റില്‍ പറയുന്നു. 

തൃശൂര്‍ അതിരൂപതയിലെ പ്രമുഖ കരിസ്മാറ്റിക് പ്രഭാഷകനായ സന്തോഷ് കരുമത്രയാണ് ചാനലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. നിലവില്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള 'ഷെകിന മിനിസ്ട്രീസ്' എന്ന സുവിശേഷവത്കരണ മിഷന്റെ ചുമതലക്കാരനാണ് സന്തോഷ് കരുമത്ര. ധ്യാനങ്ങളും കണ്‍വന്‍ഷനുകളും സ്പിരിച്വല്‍ സെമിനാറുകളും കരിസ്മാറ്റിക സമ്മേളനങ്ങള്‍ക്കുമായി 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ചതാണ് ഷെകിന മിനിസ്ട്രീസ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മിനിസ്ട്രിയുടെ ധ്യാനങ്ങളും മറ്റ് പരിപാടികളും നടക്കാറുണ്ട്.

സിറോ മലബാര്‍ സഭയുടെ കീഴിലാണ് ചാനല്‍ പ്രവര്‍ത്തിക്കുകയെന്നും ചാനലിനു വേണ്ട എല്ലാ ലൈസന്‍സുകളും ലഭിച്ചുകഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി. സന്തോഷ് കരുമത്ര നടത്തുന്ന ചാനലിന് സഭയുടെ എല്ലാ പിന്തുണയുമുണ്ടാകും. ആദ്യഘട്ടത്തില്‍ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലായിരിക്കും ചാനല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സഭയ്‌ക്കെതിരെ മുഖ്യധാര മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ തങ്ങളുടെതായ വീക്ഷണം സംപ്രേക്ഷണം ചെയ്യുന്നതിനാണ് ആദ്യകാലങ്ങളില്‍ ശ്രദ്ധ നല്‍കുക. 

അതേസമയം, ചാനലിനു വേണ്ടി സഭ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിനായി വിദേശത്തും മറ്റും വന്‍തോതില്‍ പിരിവ് നടക്കുന്നുണ്ടെന്നാണ് സൂചന. 'സഭ ചാനല്‍ തുടങ്ങുന്നുവെന്ന വിവരം സീറോ മലബാര്‍ സഭാ വക്താവ് ഫാ.ജിമ്മി പൂച്ചക്കാട്ട് സ്ഥിരീകരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും ചാനലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നുമാണ് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

സഭയിലെ പല ബിഷപുമാരുമായി അടുത്ത ബന്ധമുള്ള സന്തോഷ് കരുമത്ര അവരുടെ ആശീര്‍വാദത്തോടെയാണ് ചാനല്‍ നടത്തുന്നത്. ചാനലിന്റെ തലപ്പത്ത് സന്തോഷ് കരുമത്രയാണെങ്കിലും നിയന്ത്രണം സഭാ പിതാക്കന്മാര്‍ തന്നെയായിരിക്കും. എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവും  ബിഷപ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗക്കേസും വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകളും മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയോടുള്ള അമര്‍ഷമാണ് ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സഭ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന 'ജീവന്‍ ടിവി' ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ചാനല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന വൈദികര്‍ ഓരോരുത്തരായി കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com