ഇനിമുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്കും രാത്രി ലൈബ്രറി ഉപയോഗിക്കാം: കേരളത്തിലെ വനിതാ ഹോസ്റ്റലുകളിലെ സമയപരിധി നീട്ടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 11th April 2019 07:51 PM  |  

Last Updated: 11th April 2019 07:51 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും സര്‍ക്കാര്‍ കോളേജുകളിലേയും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് വനിതാ ഹോസ്റ്റലുകളില്‍ വൈകുന്നേരം തിരികെ പ്രവേശിക്കുന്നതിനുളള സമയപരിധി രാത്രി 9.30 വരെയാണ് ദീര്‍ഘിപ്പിച്ച് നല്‍കുക. 

ഇതുവരെ പെണ്‍കുട്ടികള്‍ മാത്രം വൈകീട്ട് ആറ് മണിയോടെ ഹോസ്റ്റലുകളില്‍ തിരിച്ച് കയറണമെന്നായിരുന്നു നിയമം. ഇത് 9.30 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ചത്. വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ കോളേജുകളിലെയും സര്‍വ്വകലാശാകളിലെയും ലാബ്/ലൈബ്രറി സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. 

ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ അതേ സമയക്രമം തന്നെ പെണ്‍കുട്ടികള്‍ക്കും നടപ്പാക്കാനുമാണ് ഉത്തരവില്‍ പറയുന്നത്. 

നേരത്തെ ഇതേകാരണത്താല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ വനിതാ ഹോസ്റ്റലുകളില്‍ തിരികെ പ്രവേശിക്കാനുള്ള സമയപരിധി 9.30 വരെ ദീര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഏപ്രില്‍ ഏഴിനാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. 

തിരുവനന്തപുരം വഴുതക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടേയും തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ് യൂണിയന്റേയും പരാതിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.