കെഎം മാണിക്ക് വിട: ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 11th April 2019 08:22 PM  |  

Last Updated: 11th April 2019 08:22 PM  |   A+A-   |  

 

കോട്ടയം: ആയിരങ്ങളെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെഎം മാണിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. കെഎം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആദരം അര്‍പ്പിച്ചു.

ആയിരക്കണക്കിന് ജനങ്ങളാണ് കെഎം മാണിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. കുടുംബാംഗങ്ങളും രാഷ്ട്രീയ സഹപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ അന്ത്യചുംബനം നല്‍കി. വൈകുന്നേരം ആറരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. വൈകുന്നേരം മൂന്നിന് നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം വൈകുകയായിരുന്നു. 


മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പാലായിലെത്താനും വൈകിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെ കരിങ്ങോഴക്കല്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും മാണിസാറിനെ കാണാനായി നിരവധിപേരാണ് പാലായിലെ വസതിയില്‍ എത്തിച്ചേര്‍ന്നത്. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെഎം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാവുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. 

സംസ്ഥാനത്ത് ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡുള്ളള കെഎം മാണി 54 വര്‍ഷം പാലായുടെ ജനപ്രതിനിധിയായിരുന്നു. ഇരു മുന്നണികളുടെയും ഭാഗമായിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച റെക്കോഡുമുണ്ട്.