കോളിയൂര്‍ മരിയാദാസ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 05:21 PM  |  

Last Updated: 11th April 2019 05:21 PM  |   A+A-   |  

 

തിരുവനന്തപുരം : കോവളം കോളിയൂരില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ പീഡിപ്പിക്കുകയും തലയ്ക്കടിച്ച് മൃതപ്രായയാക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി കൊലുസു ബിനു എന്ന അനില്‍കുമാറിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രണ്ടാം പ്രതി ചന്ദ്രശേഖരനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 

ഒന്നാം പ്രതി അനില്‍കുമാര്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും രണ്ടാംപ്രതി ചന്ദ്രശേഖരന്‍ 75000 രൂപയും പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ശിക്ഷിച്ചാല്‍ ജയിലില്‍ ആത്മഹത്യ ചെയ്യുമെന്നും രണ്ടാംപ്രതി ചന്ദ്രശേഖരന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അതിന് ഉത്തരവാദി കോടതിയായിരിക്കുമെന്നും രണ്ടാംപ്രതി പറഞ്ഞു. 

2017 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കോവളം കോളിയൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ മരിയാദാസിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. അര്‍ധരാത്രി വീട് കുത്തിത്തുറന്ന് അകത്തുകടന്ന പ്രതികള്‍ മരിയാദാസിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഞെട്ടിയുണര്‍ന്ന ഭാര്യയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തശേഷം സ്വര്‍മാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഓര്‍മ്മ നഷ്ടപ്പെട്ട് ആരെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.