ബ്യൂട്ടിപാര്‍ലറില്‍ വെടിയുതിര്‍ത്തവര്‍ പിടിയില്‍; സംഘത്തിന് രവി പൂജാരിയുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 11:45 PM  |  

Last Updated: 11th April 2019 11:45 PM  |   A+A-   |  

 

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വെടിയുതിര്‍ത്തവര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇവരാണ് ബൈക്കിലെത്തി നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

ഇവര്‍ക്ക് അധോലോക കുറ്റവാളി രവി പൂജാരിയുമായി നേരിട്ട്‌ ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തത് കാസര്‍കോടുള്ള സംഘമാണ്. ഈ സംഘത്തിന് പെരുമ്പാവൂരുള്ള കുപ്രസിദ്ധ ഗുണ്ടാസംഘവുമായി അടുത്ത ബന്ധമുണ്ട്. ഇവരാണ് ലീനയുടെ കയ്യില്‍ നിന്ന് പണം തട്ടാനായി കാസര്‍കോട് സംഘത്തിന് വിവരങ്ങള്‍ നല്‍കിയത്. കാസര്‍കോട് സംഘം ഇക്കാര്യം രവി പൂജാരിയെ അറിയിക്കുകയായിരുന്നു. 

കൊല്ലം സ്വദേശിയായ ഡോക്ടര്‍ വഴിയാണ് പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന് ലീന മരിയാ പോളിനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. 

നേരത്തെ രവി പൂജാരിയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍  പറയുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തിവരുന്ന ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഭീതിവിതച്ച് പണം തട്ടാനുളള ശ്രമമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ രവിപൂജാരിക്കെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രവിയെ പ്രതി ചേര്‍ത്തത്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ചാണ് രവി പൂജാരി പിടിയിലായത്.