വീടിനു മുന്നിലെ മതിലിലെ കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ച് കോണ്‍ഗ്രസ് നേതാവ്; തിരുവനന്തപുരത്തെ മെല്ലെപ്പോക്കില്‍ അതൃപ്തി, ബിജെപിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 12:09 PM  |  

Last Updated: 11th April 2019 12:09 PM  |   A+A-   |  

 

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിലെ മെല്ലെപ്പോക്ക് ജില്ലയിലെ കോണ്‍ഗ്രസിലും പ്രശ്‌നത്തിന് കാരണമാകുന്നു. തരൂരിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതിന് പിന്നില്‍ വി എസ് ശിവകുമാര്‍ എംഎല്‍എയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ് ശിവകുമാര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സമൂഹമാധ്യമത്തിലെ പ്രചരണത്തിനെതിരെ ശിവകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍, തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവരെ കണ്ടെത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ ശിവകുമാര്‍ ആലോചിക്കുന്നു. 

അതിനിടെ തരൂരിന്റെ പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കിന് പിന്നില്‍ ശിവകുമാര്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി രംഗത്തെത്തി. കെപിസിസി നേതാവ് തമ്പാനൂര്‍ രവിക്ക് കൂടുതല്‍ പ്രവര്‍ത്തകരെ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇടപെട്ട് തമ്പാനൂര്‍ രവിയെ വിലക്കുകയായിരുന്നു. 

തരൂര്‍ തന്റെ ശത്രുവാണ്. അയാളെ അംഗീകരിക്കാന്‍ പാടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ഇതോടെ തമ്പാനൂര്‍ രവി പിന്‍വാങ്ങിയെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു. അങ്ങനെയാണ് ബ്ലോക്കായത്. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. അതിനാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കല്ലിയൂര്‍ മുരളി പറഞ്ഞു. 

എന്നാല്‍ ഡിസിസി പുനസംഘടനയില്‍ സ്ഥാനം കിട്ടാത്തത്തിന്റെ പ്രതിഷേധമാണ് കല്ലിയൂര്‍ മുരളിക്കെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. മുരളി.ുടെ പാര്‍ട്ടി മാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും ഡിസിസി നേതൃത്വം വിശദീകരിക്കുന്നു.