സ്ലീപ്പര്‍ കോച്ചില്‍ പടക്കങ്ങള്‍; കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കവെ ക്ലീനിങ് സ്റ്റാഫിന് പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 06:53 AM  |  

Last Updated: 11th April 2019 06:53 AM  |   A+A-   |  

maxresdefault_(2)

കൊച്ചി: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ പടക്കങ്ങള്‍ കണ്ടെത്തി. ഇത് പടക്കം ആണെന്ന് അറിയാതെ കുത്തിപ്പൊട്ടിക്കുവാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പൊള്ളലേല്‍ക്കുകയും ചെയ്തു. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ബുധനാഴ്ച രാവിലെ എത്തിയ മംഗള എക്‌സ്പ്രസ് വൃത്തിയാക്കുന്നതിനായി നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. 

ട്രെയിനിലെ എസ് 1 കോച്ചിലാണ് ലഡുവിന്റെ വലുപ്പത്തിലുള്ള, ഏറുപടക്കത്തിന് സമാനമായ 20 പടക്കങ്ങള്‍ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. കത്രിക്കടവിലെ യാഡിലായിരുന്നു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. സഞ്ചിയില്‍ എന്താണെന്ന് അറിയാതെ കുത്തിപ്പൊട്ടിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് അമീര്‍ അലി എന്ന ജീവനക്കാരന്റെ വിരലുകള്‍ക്ക് പൊള്ളലേറ്റത്. 

പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇയാള്‍ കൈ കെട്ടിവെച്ചിരുന്നു. ഇത് കണ്ട് ക്ലീനിങ് സൂപ്പര്‍വൈസര്‍ ചോദിച്ചപ്പോഴാണ് സഞ്ചികിട്ടിയ വിവരം പറയുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു.