മലപ്പുറത്ത് മൂന്നുവയസുകാരിക്ക് മര്‍ദനമേറ്റ സംഭവം: കേസെടുക്കാനാവില്ലെന്ന് പൊലീസ്

പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാടിലാണ് കാളികാവ് പൊലീസ്.
മലപ്പുറത്ത് മൂന്നുവയസുകാരിക്ക് മര്‍ദനമേറ്റ സംഭവം: കേസെടുക്കാനാവില്ലെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മൂന്നര വയസുകാരിയെ മുത്തശ്ശി പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ കേസ് എടുക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്. അതേസമയം, കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ജുവനൈല്‍ പൊലീസിന് വീണ്ടും ഇമെയില്‍ അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിനെ വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷന്‍ തന്നെ രംഗത്ത് വന്നിരുന്നു. 

എന്നാല്‍ പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാടിലാണ് കാളികാവ് പൊലീസ്. ഇതിനെതിരെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സിഡബ്ല്യുസി) വിമര്‍ശനമുന്നയിക്കുന്നത്. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടില്‍ മൂന്നരവയസുകാരിക്ക് ക്രൂരമര്‍ദ്ദനമേറ്റന്ന് വ്യക്തമാണ്. കുട്ടിയെ പട്ടിണിക്കിട്ട് മുത്തശ്ശി നാളുകളായി മര്‍ദ്ദിച്ച കാര്യം നാട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു. സ്വമേധയാ കേസ് എടുക്കാന്‍ കഴിയുമെന്നിരിക്കെ പൊലീസ് അതിന് തയ്യാറാകുന്നില്ല.

ജുവനൈല്‍ നിയമങ്ങളുടെ ലംഘനമാണ് പൊലീസ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സിഡബ്ല്യുസി അധ്യക്ഷന്‍ ജുവനൈല്‍ പൊലീസ് വിഭാഗത്തിന് ഇമെയില്‍ അയച്ചു. കേസിലെ വിവരങ്ങള്‍ നല്‍കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് സിഡബ്ല്യുസിയുടെ പരാതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com