മോദി മത്സരിക്കുന്ന വാരാണസിയില്‍ സിപിഎമ്മിനു സമരമുണ്ടോ?; വയനാട്ടിലെ കര്‍ഷക മാര്‍ച്ചിനെതിരെ വിടി ബല്‍റാം

മോദി മത്സരിക്കുന്ന വാരാണസിയില്‍ സമരമുണ്ടോ?; വയനാട്ടിലെ സിപിഎം കര്‍ഷക സമരത്തിനെതിരെ വിടി ബല്‍റാം
മോദി മത്സരിക്കുന്ന വാരാണസിയില്‍ സിപിഎമ്മിനു സമരമുണ്ടോ?; വയനാട്ടിലെ കര്‍ഷക മാര്‍ച്ചിനെതിരെ വിടി ബല്‍റാം

പാലക്കാട്: രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തുന്ന ദിവസം സിപിഎം വയനാട്ടില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് എതിരെ വിടി ബല്‍റാം എംഎല്‍എ. എന്തു രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സിപിഎം രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ബല്‍റാം ചോദിച്ചു. സിപിഎമ്മിന്റേത് രാഷ്ട്രീയ അശ്ലീലമാണെന്നും കോണ്‍ഗ്രസ് എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബല്‍റാമിന്റെ കുറിപ്പ്:

എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുമത്രേ!!

പിണറായി വിജയന്റെ ഭാഷയില്‍ തിരിച്ചു ചോദിച്ചാല്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സിപിഎം രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്? രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ആണ് ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണക്കാര്‍ എന്നതോ? കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന് അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗം തകര്‍ത്ത് തരിപ്പണമാക്കിയ, ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിയെ രക്ഷപ്പെടുത്താനല്ലേ സിപിഎമ്മിന്റെ ഈ വയനാട്ടില്‍ മാത്രമുള്ള കര്‍ഷകസമരം? മോദി മത്സരിക്കുന്ന വാരാണസിയില്‍ സിപിഎമ്മിന് സമരമുണ്ടോ? കേരളത്തില്‍ത്തന്നെ ബിജെപി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ പാലക്കാട്ടോ സിപിഎമ്മിന് കര്‍ഷക സമരം പോയിട്ട് ഏതെങ്കിലും തരത്തിലുള്ള സമരമുണ്ടോ? വയനാട്ടിലേതിനേക്കാള്‍ കര്‍ഷക ആത്മഹത്യകള്‍ സമീപകാലത്ത് നടന്ന ഇടുക്കിയില്‍ സിപിഎം സമരത്തിനുണ്ടോ?

സംഘടനാപരമായി സിപിഎം അങ്ങേയറ്റം ദുര്‍ബ്ബലമായ സംസ്ഥാനങ്ങളില്‍ വരെ അവിടത്തെ പ്രാദേശിക ഘടകങ്ങള്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ മോദീ വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ച കാലത്തൊക്കെ ഉറക്കം നടിച്ചവരാണ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഏറ്റവും ശക്തിയുള്ള കേരളത്തിലെ സിപിഎമ്മുകാര്‍. മുന്‍പ് യുപിഎ സര്‍ക്കാരിനെതിരെ ആഴ്ചക്കാഴ്ചക്ക് കേന്ദ്ര വിരുദ്ധ സമരം നടത്തിയിരുന്ന സിപിഎമ്മിന് ഈ അഞ്ച് വര്‍ഷം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാവുന്ന ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം പോലും കേരളത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ചില വഴിപാട് സംയുക്ത പൊതുപണിമുടക്കുകള്‍ അല്ലാതെ. കഴിവില്ലാത്തതുകൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണെന്ന് വ്യക്തം. മഹാരാഷ്ട്രയിലേയും മറ്റും കര്‍ഷകര്‍ നടത്തിയ സമരങ്ങളുടെ ഫോട്ടോകള്‍ കേരളത്തില്‍ പോസ്റ്ററിലും ഫേസ്ബുക്കിലുമൊക്കെ ഉപയോഗിക്കാന്‍ ആര്‍ക്കാണ് അവകാശം എന്നതിനേക്കുറിച്ച് തര്‍ക്കിക്കാനായിരുന്നു സിപിഎം ബുദ്ധിജീവികള്‍ക്ക് താത്പര്യം.

ഏഴ് ചോദ്യങ്ങളാണ് സിപിഎമ്മിനോട് ഉന്നയിക്കാനുള്ളത്:

1)ഇന്നേവരെ നടത്താത്ത കര്‍ഷക സമരം ഈ തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം നടത്തുന്നത് എന്തുകൊണ്ടാണ്? ഇത് കര്‍ഷകരെ രാഷ്ട്രീയക്കരുവാക്കി അവഹേളിക്കാന്‍ വേണ്ടി മാത്രമുള്ളതല്ലേ?

2)ഈ കര്‍ഷകസമരത്തിന് ഇടുക്കി, കുട്ടനാട്, പാലക്കാട് പോലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് മാത്രം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്?

3)രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമൊക്കെ ചെയ്തത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തതെന്തേ?

4)തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മാത്രം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കപടനാടകം നടത്തിയതും പഴി ഉദ്യോഗസ്ഥരുടെ തലയില്‍ ഇടുന്നതും എന്തിനാണ്? ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കടാശ്വാസം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്?

5)കര്‍ഷകര്‍ക്കായി എല്ലാ വര്‍ഷവും പ്രത്യേക ബജറ്റ് തന്നെ അവതരിപ്പിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ പ്രഖ്യാപനത്തോട് യോജിക്കുന്നുണ്ടോ?

6)ഇത്രമാത്രം കര്‍ഷകദ്രോഹം നടത്തുന്ന രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും തെരഞ്ഞെടുപ്പിന് ശേഷം മറ്റ് എന്ത് കാരണമുണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കില്ലെന്ന് സിപിഎം ഉറപ്പുപറയുമോ?

7)കേരളത്തിനേക്കാള്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന പല സംസ്ഥാനങ്ങളിലും സിപിഎം രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയെ പിന്തുണക്കുന്നതിന്റെ സാംഗത്യം വിശദീകരിക്കാമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com