ചാരക്കേസ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്ന സമിതിയില്‍ നിന്നും ജസ്റ്റിസ് ഡി കെ ജെയ്ന്‍ പിന്മാറി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2019 10:00 AM  |  

Last Updated: 12th April 2019 10:00 AM  |   A+A-   |  

 

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ നിന്നും റിട്ട. ജഡ്ജി ജസ്റ്റിസ് ഡി കെ ജെയ്ന്‍ പിന്മാറി. ഇക്കാര്യം കാണിച്ച് ജെയ്ന്‍ സുപ്രിംകോടതിക്ക് കത്ത് നല്‍കി. 

ബിസിസിഐ ഓംബുഡ്‌സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതല്‍ ഉള്ളതിനാലാണ് പിന്‍മാറുന്നതെന്നാണ് വിശദീകരണം. കേസില്‍ നമ്പി നാരായണനെ കുടുക്കിയത് അന്വേഷിക്കാനാണ് ജസ്റ്റിസ് ഡി കെ ജെയ്‌നിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. അറസ്റ്റിന് പിന്നിലെ ചേതാവികാരം അന്വേഷിക്കാനായിരുന്നു കേസില്‍ വിധി പ്രസ്താവിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 

ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കുക. 

ചാരക്കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ശാസ്ത്രജഞന്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാര തുക 50 ലക്ഷമായി സുപ്രീംകോടതി ഉയർത്തുകയും ചെയ്തിരുന്നു.