ബിജെപി സ്ഥാനാര്‍ത്ഥിക്ക് രാത്രി ജയില്‍മോചനം; മോദിയുടെ ചടങ്ങില്‍ വന്‍ സ്വീകരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2019 06:27 AM  |  

Last Updated: 12th April 2019 06:27 AM  |   A+A-   |  

 

കൊച്ചി: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലായിരുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും എന്‍ഡിഎയുടെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയുമായ പ്രകാശ്ബാബു വ്യാഴാഴ്ച രാത്രി ജയില്‍മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് രാത്രി ഒന്‍പതോടെ പ്രകാശ്ബാബു കൊട്ടാരക്കരയില്‍ സബ്ജയിലില്‍ നിന്ന് മോചിതനായത്.  പതിനഞ്ചുദിവസമായി ജയിലിലായിരുന്നു അദ്ദേഹം. കേസില്‍ മറ്റ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമോ ജാമ്യമോ ലഭിച്ചിട്ടുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ചാണ്.

പ്രകാശ്ബാബുവിന് അനവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കുക, പത്തനംതിട്ട ജില്ലയില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അനുവദിയോടെയോ മാത്രമെ പ്രവേശിക്കാവൂ, വിദേശത്തുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കുക, തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.

കോഴിക്കോട് മണ്ഡലത്തില്‍ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നതിനാല്‍ രാത്രിതന്നെ സ്ഥാനാര്‍ത്ഥി കോഴിക്കോട്ടേക്ക് തിരിച്ചു. സ്ഥാനാര്‍ത്ഥിക്ക് ചടങ്ങില്‍ വന്‍ സ്വീകരണമാണ് തെരഞ്ഞടുപ്പ് കമ്മറ്റി തയ്യാറാക്കിയിട്ടുള്ളത്.കേട്ടുകേള്‍വിയില്ലാത്ത വിധം ഒരേദിവസം രണ്ട് പ്രൊഡക്ഷന്‍ വാറന്റ് എത്തിച്ച് ജയില്‍ മോചനം നീട്ടാനുള്ള ശ്രമങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തിയതെന്ന് പ്രകാശ്ബാബു പറഞ്ഞു.

ജയിലിനുപുറത്ത് ആരതി ഉഴിഞ്ഞു തിലകം ചാര്‍ത്തിയും ബിജെപി പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പ്രകാശ് ബാബുവിനെ സ്വീകരിച്ചു