വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ അപ്പീലും തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2019 12:07 PM  |  

Last Updated: 12th April 2019 12:07 PM  |   A+A-   |  

Saritha_nair

ഫയല്‍ ചിത്രം

 

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വയനാട്, എറണാകുളം മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെ സരിത നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിത അപ്പീല്‍ നല്‍കിയത്. 

തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് സരിതയുടെ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം ലോക്‌സഭ മണ്ഡലങ്ങളിലാണ് സരിത എസ് നായര്‍ പത്രിക സമര്‍പ്പിച്ചിരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നതും ഈ ശിക്ഷ സ്റ്റേ ചെയ്യാത്തതും ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.