'വിജയ് സങ്കല്‍പ് യാത്ര'; മോദി ഇന്ന് കേരളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2019 05:50 AM  |  

Last Updated: 12th April 2019 05:50 AM  |   A+A-   |  

 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന 'വിജയ് സങ്കല്‍പ്' യാത്രയ്ക്ക് തുടക്കം കുറിക്കാനാണ് മോദി എത്തുന്നത്. വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് പരിപാടി. 

പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി റോഡ് മാര്‍ഗം ബീച്ചിലെത്തും. എന്‍ഡിഎ നേതാക്കള്‍ക്ക് പുറമേ, കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന പിസി ജോര്‍ജും മോദിയെ സ്വീകരിക്കാനെത്തും. പരിപാടിയില്‍ അമ്പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് എന്‍ഡിഎ പദ്ധതിയിടുന്നത്. 

കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലും മോദി പ്രചാരണം നടത്തുന്നുണ്ട്. വൈകുന്നേരം ഏഴിനാണ് തിരുവനന്തപുരത്തെ പരിപാടി.  തൃശുരിലും കൊല്ലത്തും അടുത്തയിടെ ബിജെപി പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. 

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍കെ സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.