ഇര കൂറുമാറിയ പീഡനക്കേസില്‍ പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ; പെണ്‍ സുഹൃത്തിന് മൂന്ന് വര്‍ഷം 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇര കൂറുമാറിയിട്ടും പ്രതിക്ക് 21 വര്‍ഷം തടവ് ശിക്ഷ
ഇര കൂറുമാറിയ പീഡനക്കേസില്‍ പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ; പെണ്‍ സുഹൃത്തിന് മൂന്ന് വര്‍ഷം 

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇര കൂറുമാറിയിട്ടും പ്രതിക്ക് 21 വര്‍ഷം തടവ് ശിക്ഷ. തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ച പെണ്‍ സുഹൃത്തിന് 3 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. വീയപുരം പണ്ടാരത്തില്‍ വീട്ടില്‍ അഭിജിത്ത് (വൈശാഖ്), മാവേലിക്കര ചെറുകോല്‍ കണത്തില്‍ വീട്ടില്‍ സൗമ്യ ഓമനക്കുട്ടന്‍ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2009 നവംബര്‍ 19ന് ആണ് കേസിന് ആസ്പദമായ സംഭവം . അടൂരിലെ സ്‌കൂളില്‍ പ്ലസ്ടൂവിന് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ഒന്നാം പ്രതി അഭിജിത്ത് പെണ്‍കുട്ടിയുമായി പരിചയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി. രണ്ടാം പ്രതിയായ സൗമ്യയെയും കൂട്ടി പെണ്‍കുട്ടിയെ കാറില്‍ തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തി. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി 10,000 രൂപയും സംഘടിപ്പിച്ച് എറണാകുളത്തെ ലോഡ്ജില്‍ എത്തിച്ചു. 2 ദിവസം അവിടെ താമസിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മൂന്നാം ദിവസം 500രൂപ വണ്ടിക്കൂലി കൊടുത്ത് വീട്ടിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് പിതാവും അടൂര്‍ പൊലീസും ചേര്‍ന്ന് കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വൈദ്യ പരിശോധന നടത്തിയ ഡോക്ടറോട് താന്‍ പീഡനത്തിന് ഇരയായതായി അറിയിച്ചിരുന്നു. അടൂര്‍ ഡിവൈഎസ്പി വി.അജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വിചാരണ വേളയില്‍ പെണ്‍കുട്ടി കൂറുമാറി.സ്വര്‍ണം പണയംവച്ച സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍, വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍, എറണാകുളത്തെ ലോഡ്ജ് മാനേജര്‍, റൂം ബോയി എന്നിവര്‍ ഇരയെയും പ്രതികളെയും തിരിച്ചറിഞ്ഞു. 22 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പീഡനക്കേസുകളില്‍ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി ഇര കൂറുമാറിയാലും കുറ്റക്കാരായ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

അഭിജിത്തിന് മാനഭംഗത്തിന് 8 വര്‍ഷവും 10,000 രൂപയും തട്ടിക്കൊണ്ടു പോയതിന് 6 വര്‍ഷവും 5000 രൂപയും പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമപ്രകാരം 7 വര്‍ഷം തടവും ശിക്ഷ വിധിച്ചു. സൗമ്യ 3 വര്‍ഷം തടവിനു പുറമെ 10,000 രൂപ പിഴയും നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com