ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ കൂട്ടത്തോല്‍വി; അന്വേഷിക്കാന്‍ തീരുമാനം

രണ്ടു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ കൂട്ടത്തോല്‍വി; അന്വേഷിക്കാന്‍ തീരുമാനം


തിരുവനന്തപുരം: രണ്ടു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. പഠനസൗകര്യമില്ലെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഇതേ മാനേജ്‌മെന്റിനു കീഴിലുള്ള ഡെന്റല്‍ കോളജിനും നോട്ടിസ് അയയ്ക്കും.

ഇന്റേണല്‍ പരീക്ഷാ ജോലിക്ക് അധ്യാപകരെ അയയ്ക്കാത്ത മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരു ലക്ഷം രൂപയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് 50,000 രൂപയും പിഴ ഈടാക്കും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഇക്കാര്യത്തില്‍ ഇളവു നല്‍കണമെന്ന ആവശ്യം  തള്ളി. സ്വാശ്രയ കോളജുകളിലെ സൗകര്യങ്ങളില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം 20,000 രൂപ ഫീസ് ഈടാക്കാനും തീരുമാനിച്ചു.

അവസാന വര്‍ഷ എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികളെയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 17 വിദ്യാര്‍ഥികളെയും തോല്‍പിച്ചുവന്നാണു പരാതി. തിരുവനന്തപുരത്തു ജനറല്‍ മെഡിസിനും തൃശൂരില്‍ പീഡിയാട്രിക്‌സിനുമാണു തോല്‍വി. ഇതുസംബന്ധിച്ചു വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ അഡ്ജുഡിക്കേഷന്‍ കമ്മിറ്റിക്കും ആരോഗ്യ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഈ കോളജുകളിലെ ആരോപണ വിധേയരായ  അധ്യാപകരെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തും.

വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍വകലാശാലാ അഡ്ജുഡിക്കേഷന്‍ കമ്മിറ്റി  തെളിവെടുപ്പ് നടത്തിയിരുന്നു.പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക്  ശരിയായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വെട്ടിത്തിരുത്തല്‍ വരുത്തിയെന്നും അവര്‍ കണ്ടെത്തി.തോറ്റതിനു മതിയായ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായി. ഇതു ഗവേണിങ് കൗണ്‍സില്‍ വിലയിരുത്തിയശേഷമാണ് അധ്യാപകരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം  സര്‍വകലാശാല നടത്തിയ മിന്നല്‍ പരിശോധനയുടെ  അടിസ്ഥാനത്തിലാണു വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിനു നോട്ടിസ് അയയ്ക്കുക. ആശുപത്രിയില്‍ ഒരു രോഗിപോലും ഇല്ലെന്നും അധ്യാപകരില്ലെന്നും പരിശോധനയില്‍  കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കോളജിനോട്  ആവശ്യപ്പെടുക. കഴിഞ്ഞ രണ്ടു വര്‍ഷവും ഈ കോളജിനു  പ്രവേശനാനുമതി നല്‍കിയിരുന്നില്ല. 2016-17 ബാച്ചിലെ വിദ്യാര്‍ഥികളാണു പരാതിയുമായി രംഗത്തുള്ളത്.

പാലക്കാട് കേരള മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും സമാന സാഹചര്യത്തിലാണെന്നു കൗണ്‍സില്‍ വിലയിരുത്തി. ഈ വിദ്യാര്‍ഥികളെ മറ്റു 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കു മാറ്റാമെന്നു  ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെയും കോടതിയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com