നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, ഗുരുവായൂര്‍ കേശവനായി കൊമ്പുകുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും: സുരേഷ് ഗോപി ( വീഡിയോ) 

കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, ഗുരുവായൂര്‍ കേശവനായി കൊമ്പുകുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും: സുരേഷ് ഗോപി ( വീഡിയോ) 

തൃശൂര്‍: കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു.ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അഭിമന്യൂ, കെവിന്‍, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുളള അവകാശം നിങ്ങള്‍ക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാര്‍പാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് ഇത് യാഥാര്‍ത്ഥ്യമായേനെയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. 

കേരളത്തിന് വിഴിഞ്ഞമടക്കമുള്ള പദ്ധതികള്‍  സംഭാവന ചെയ്ത മോദിസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 'എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക.  ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കിയായും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും' -സുരേഷ് ഗോപി പറഞ്ഞു.

40-45 വര്‍ഷം രാജ്യം ഭരിച്ചിട്ടും അവസാനഗ്രാമത്തിലും വൈദ്യുതി എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.  മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാല്‍ കാണാം വൈവിധ്യം. ഈ വൈവിധ്യത്തെ ഒന്നടങ്കം ഉള്‍ക്കൊണ്ടുകൊണ്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും നടപ്പിലാക്കുന്നതും. യുക്തിപൂര്‍ണമായ പ്രവൃത്തിയിലുടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com