രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റ ചട്ടലംഘനം നടത്തി; റിപ്പോര്‍ട്ട് വരണാധികാരിക്ക് കൈമാറി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് ചട്ടലംഘനമായത്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റ ചട്ടലംഘനം നടത്തി; റിപ്പോര്‍ട്ട് വരണാധികാരിക്ക് കൈമാറി

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. എഡിഎം പ്രാഥമിക റിപ്പോര്‍ട്ട് വരണാധികാരിയായ ജില്ലാ കളക്ടര്‍ സജിത് ബാബുവിന് കൈമാറി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് ചട്ടലംഘനമായത്. റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. 

ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ ഇടതുമുന്നണിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ്, എല്‍ഡിഎഫിന്റെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടിവി രാജേഷ് എംഎല്‍എ പരാതിയില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂർ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണു രാജ്മോഹൻ ഉണ്ണിത്താൻ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയും തുടർന്നുണ്ടായ സർക്കാർ നടപടികളും വിശദീകരിച്ചത്. സർക്കാരിന്റെ ഒത്താശയോടെയാണു യുവതികൾ സന്നിധാനത്ത് പ്രവേശിച്ചത്. ശബരിമലയിൽ ആചാരലംഘനം ഉണ്ടായ ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും വീട് മരണ വീടുപോലെയായിരുന്നെന്നും ഉണ്ണിത്താൻ പറഞ്ഞു. 

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഉണ്ണിത്താന്റെ പ്രസ്താവന സുപ്രിം കോടതിയെ അവഹേളിക്കുന്നതിനൊപ്പം, വർഗീയ ചേരിത്തിരിവു ഉണ്ടാക്കുന്നതിനുള്ള ശ്രമവും പ്രസംഗത്തിലുണ്ടെന്ന് ടി.വി.രാജേഷ് എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com