തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനം പാടില്ല; അണികള്‍ക്ക് സിപിഎം നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 07:30 AM  |  

Last Updated: 13th April 2019 07:30 AM  |   A+A-   |  

cpim-flag1

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത് എന്ന് അണികളോട് സിപിഎം. പ്രവര്‍ത്തകരെ നിയന്ത്രിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനും എല്ലാ ജീല്ലകള്‍ കേന്ദ്രീകരിച്ചും പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. 

അണികളുടെ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സ്‌ക്വാഡ് വിലയിരുത്തും. ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടവും ഇതിനുണ്ടാവും. സംസ്ഥാന കമ്മിറ്റികളിലേക്ക് ഇതിന്റെ റിപ്പോര്‍ട്ട് നല്‍കും. മുന്‍പ്, പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അണികളെ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നാല്‍ അങ്ങനെ ചെയ്യുവാനും നിര്‍ദേശമുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളില്‍ കയറി ഇറങ്ങുന്നവര്‍ പ്രകോപനപരമായ ഒരു സംസാരത്തിലും ഏര്‍പ്പെടുവാന്‍ പാടില്ല. വീട്ടുകാര്‍ പ്രകോപനപരമായി സംസാരിച്ചാലും സംയമനം പാലിക്കണം. വീട്ടുകാരോട് പേരും, പാര്‍ട്ടിയിലെ സ്ഥാനവും പറഞ്ഞതിന് ശേഷമായിരിക്കണം സംസാരിക്കേണ്ടത്. മദ്യപിച്ചും ആയുധങ്ങളുമായും രാത്രി പോസ്റ്ററുകള്‍ ഒട്ടിക്കുവാന്‍ പോവരുത്. പെട്രോളിങ്ങിലുള്ള പൊലീസ് ചോദിച്ചാല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കണം. എതിര്‍പാര്‍ട്ടിയില്‍ ഉള്ളവരും ഒരേ സ്ഥലത്ത് പോസ്റ്ററുകള്‍ ഒട്ടിക്കുവാന്‍ എത്തിയാല്‍ പ്രകോപനപരമായ പ്രവര്‍ത്തികള്‍ ഉണ്ടാവരുത് എന്നും നിര്‍ദേശമുണ്ട്.