മോദിയുടെ റാലിക്കെത്തിയത് ഒന്നര ലക്ഷത്തിലേറെ പേര്‍ ; പുതിയ കണക്കുകൂട്ടലുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 10:27 AM  |  

Last Updated: 13th April 2019 10:27 AM  |   A+A-   |  

ചിത്രം : പിടിഐ


കോഴിക്കോട് : കോഴിക്കോട് കടല്‍ത്തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് ഒന്നര ലക്ഷത്തിലേറെ പേര്‍. മലബാര്‍ മേഖലയിലെ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാന്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. വന്‍ ജനപ്രവാഹം ബിജെപി ക്യാംപിനെയും ആവേശത്തിലാക്കിയിട്ടുണ്ട്. ഈ ജനക്കൂട്ടം വോട്ടായി മാറുമ്പോള്‍ നിലവിലെ ചിത്രം തന്നെ മാറുമെന്നാണ് എന്‍ഡിഎ നേതൃത്വത്തിന്റെ പുതിയ വിലയിരുത്തല്‍. 

ഇതനുസരിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പുതുക്കാനും അണിയറയില്‍ തീരുമാനമായി. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതായും നേതൃത്വം വിലയിരുത്തുന്നു. ഇതനുസരിച്ച് തന്ത്രങ്ങളിലും പ്രചാരണങ്ങളിലും മാറ്റം വരുത്തും. ഗ്രൂപ്പ് പോരില്‍ തട്ടി, നിലവിലെ അനുകൂല സാഹചര്യത്തിന് കോട്ടം തട്ടാതിരിക്കാനും നേതൃത്വം ശ്രദ്ധ ചെലുത്തുന്നു.  

ചിത്രം : ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

കോഴിക്കോട് കടപ്പുറം വൈകീട്ടോടെ തന്നെ ബിജെപി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. കത്തുന്ന ചൂടിനെ വകവെക്കാതെ, മോദിയുടെ മുഖംമൂടി ധരിച്ചും, കാവി തൊപ്പിയും ചൗകീദാര്‍ ടി ഷര്‍ട്ടും ബിജെപി കൊടിയും പിടിച്ച് മണിക്കൂറികള്‍ക്ക് മുമ്പെ തന്നെ പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തി. അഞ്ചുമണിയോടെ തന്നെ കടപ്പുറം ജനസാഗരമായി. മുദ്രാവാക്യം വിളിച്ചും മോദി സ്തുതികള്‍ ഉരുവിട്ടും അണികള്‍ ആവേശഭരിതരായി. 

ചിത്രം : ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

ജനം നിറഞ്ഞതോടെ വൈകീട്ട് 5.30 ഓടെ ജില്ലാ തല നേതാക്കള്‍ പ്രസംഗം ആരംഭിച്ചു.  പിന്നാലെ ബിജെപി നേതാക്കളും സമ്മേളന നഗരിയിലേക്കെത്തി. രാത്രി 7.15 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളന വേദിയിലേക്ക് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഉച്ഛസ്ഥായിയിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, എംടി രമേശ്, സി കെ പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി സി ജോര്‍ജ്ജ്, കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. 

ചിത്രം : ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

മലയാളത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു. ചില ശക്തികള്‍ സുപ്രിംകോടതി വിധിയുടെ പേരില്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭക്തരെ ലാത്തി കൊണ്ട് നേരിട്ടത് ശരിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സുപ്രിംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.