ഇന്ത്യ ഭരിക്കുന്നത് ആലിബാബയും 41 കളളന്മാരും; നാടിനെ കുട്ടിച്ചോറാക്കുന്നുവെന്ന് വിഎസ്

ആലിബാബയും 41 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍
ഇന്ത്യ ഭരിക്കുന്നത് ആലിബാബയും 41 കളളന്മാരും; നാടിനെ കുട്ടിച്ചോറാക്കുന്നുവെന്ന് വിഎസ്

മലപ്പുറം: ആലിബാബയും 41 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പതിനായിരക്കണക്കിന് കോടി രൂപ ചാക്കില്‍ കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഓരോരുത്തരായി രാജ്യം വിടുന്നു. അതിന് കാവല്‍ നില്‍ക്കുകയാണ് ഭരണകര്‍ത്താക്കള്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം റാലി കിഴക്കേത്തലയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വിഎസ്.

ഞാന്‍ കള്ളനാണ് എന്ന് അഭിമാനബോധത്തോടെ പറയുന്ന നേതാവും, ഞങ്ങളും കള്ളന്മാരാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളുംകൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും മതനിരപേക്ഷത തകര്‍ത്തും വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയും ഇന്ത്യയെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണ്  ബിജെപി സര്‍ക്കാര്‍. 

ബീഫ് തിന്നതിന്റെ പേരില്‍, സവര്‍ണരുടെ കിണറ്റില്‍നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വക്താക്കള്‍ ദളിതരെയും ഇതര മതസ്ഥരെയും തെരുവില്‍ തല്ലിക്കൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ നാം കണ്ടതാണ്. ഇതേ കുറിച്ച് പ്രതികരിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം കൊലക്കത്തിക്ക് ഇരയാകുന്നു. നമ്മുടെ നാടിനെ ഗ്രസിച്ച ബിജെപി എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും അകറ്റാന്‍ നമുക്കുള്ള ഏക മാര്‍ഗമാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളതെന്ന് വിഎസ് പറഞ്ഞു. 

കടക്കെണിയില്‍പ്പെട്ട് ജീവനെടുക്കുന്ന ഇന്ത്യന്‍ കര്‍ഷകരെ പ്രധാനമന്ത്രി കാണുന്നില്ല. ഡല്‍ഹിയിലേക്ക് നടന്ന വമ്പന്‍ കാര്‍ഷിക റാലികള്‍ കാണാന്‍ ചൗക്കിദാര്‍ക്ക് കണ്ണില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നത് ശ്രദ്ധിച്ചിട്ടേയില്ല. കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധിച്ചും ജിഎസ്ടി കൊണ്ടുവന്നും ജനതയുടെ നട്ടെല്ലൊടിഞ്ഞത് അവര്‍ കണ്ടില്ലെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com