എന്നെ ട്രോളൂ എന്ന് കണ്ണന്താനം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

വിചാരിച്ചപോലെ ട്രോള്‍ ചലഞ്ച് വൈറലായി. എന്നാല്‍ ട്രോള്‍ മുഴുവന്‍ വരുന്നത് കണ്ണന്താനത്തിന് നേരെയാണ്
എന്നെ ട്രോളൂ എന്ന് കണ്ണന്താനം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ട്രോളന്മാരുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസഹമന്ത്രിയായതിന് പിന്നാലെയാണ് കണ്ണന്താനം ട്രോളന്മാരുടെ ഇരയാവാന്‍ തുടങ്ങിയത്. ട്രോളാക്രമണം രൂക്ഷമായതോടെ ട്രോളുകള്‍ക്കെതിരേ കണ്ണന്താനം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ ട്രോളുകളെ തെരഞ്ഞെടുപ്പിന്റെ പ്രചരണാ ആയുധമാക്കാനായി ട്രോള്‍ മീ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാാര്‍ത്ഥി. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുണ്ടാക്കി പോസ്റ്റ് ചെയ്യാനാണ് കണ്ണന്താനം ആവശ്യപ്പെട്ടത്. മികച്ച ട്രോളന്മാര്‍ക്ക് തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ അവസരം ഉണ്ടാകുമെന്നും കണ്ണന്താനം പറയുന്നു. 

'മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മള്‍ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച്  കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല). അപ്പൊ ശരി, തുടങ്ങുവല്ലേ? എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ. ' പോസ്റ്റില്‍ കുറിച്ചു.

വിചാരിച്ചപോലെ ട്രോള്‍ ചലഞ്ച് വൈറലായി. എന്നാല്‍ ട്രോള്‍ മുഴുവന്‍ വരുന്നത് കണ്ണന്താനത്തിന് നേരെയാണ്. കണ്ണന്താനത്തിന്റെ മണ്ഡലം മാറിയുള്ള വോട്ടു ചോദിക്കലും സുരേഷ് ഗോപിയുടെ വിവാദ പ്രസംഗവുമെല്ലാം വിഷയമാക്കിയാണ് ട്രോളുകള്‍ വരുന്നത്. കൂടെയുള്ള സെല്‍ഫിക്ക് പകരമായി അഞ്ചുരൂപയുടെ ലക്‌സി പേന തന്നിരുന്നെങ്കില്‍ ഒരു കൈനോക്കാമായിരുന്നു എന്നാണ് ഒരു ട്രോളന്റെ കമന്റ്. 

മുന്‍പ് സെല്‍ഫിയേയും ഫേയ്‌സ്ബുക്കിനേയും ട്രോളിനേയുമെല്ലാം കണ്ണന്താനം വിമര്‍ശിച്ചിരുന്നു. ഇലക്ഷനായപ്പോള്‍ ഇതിനെയെല്ലാം തന്റെ പ്രചാരണ ആയുധമാക്കിയതിനെയും ട്രോളുന്നുണ്ട്. 'ഞാന്‍ സെല്‍ഫി എടുക്കാറില്ല എന്ന് പറഞ്ഞു.ഫേസ്ബുക് ഉപയോഗിക്കാറില്ല എന്ന് പറഞ്ഞു.ഒരു പണിയും ഇല്ലാത്തവര്‍ ആണ് ട്രോളേന്മാര്‍ എന്ന് പറഞ്ഞു ഇത് മൂന്നും ഒറ്റയടിക്ക് മാറ്റി പറഞ്ഞു പോസ്റ്റും ഇട്ടു .. ഇതൊക്കെ എങ്ങനെ സാധിക്കുന്നതാ ഉവ്വേ'

ചിലവില്ലാതെ ഇലക്ഷന്‍ പ്രചരണം നടത്താനുള്ള നീക്കമായാണ് ചിലര്‍ ചിലഞ്ചിനെ കാണുന്നത്. കണ്ണന്താനത്തിനെതിരേ ട്രോളുകള്‍ നിറഞ്ഞതോടെ പ്രൈവറ്റസെക്രട്ടറി അദ്ദേഹം ഉറങ്ങിക്കിടന്ന സമയം നോക്കിയിട്ട പോസ്റ്റാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com