ധനതത്വശാസ്ത്രത്തില്‍ ബിരുദമുണ്ട്, കയറില്‍ പിഎച്ച്ഡിയില്ല എന്നേയുള്ളൂ: തോമസ് ഐസക്കിന് ചെന്നിത്തലയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 10:37 AM  |  

Last Updated: 13th April 2019 10:37 AM  |   A+A-   |  

ramesh_chennithala

 


തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കടക്കെണിയിലാക്കുന്ന കിഫ്ബി മസാല ബോണ്ട് ഇടപാട് രഹസ്യമായി എന്തിനാണ് നടത്തിയതെന്നു ധനമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യമന്ത്രിയും കിഫ്ബി സിഇഒയും മാത്രം അറിഞ്ഞു ചെയ്യേണ്ട കാര്യമാണോ ഇതെന്ന് ചെന്നിത്തല ചോദിച്ചു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തരംതാണ വിധത്തില്‍ ആക്ഷേപം ഉന്നയിക്കുകയാണ് തോമസ് ഐസക് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കിഫ്ബി മസാല ബോണ്ട് ഇടപാടിനെക്കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്താണോ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് എന്നതിനും വ്യക്തതയില്ല. ധനകാര്യമന്ത്രിയും കിഫ്ബി സിഇഒയും മാത്രം അറിഞ്ഞു ചെയ്യേണ്ട കാര്യമാണോ ഇതെന്ന് ചെന്നിത്തല ചോദിച്ചു. 

എന്തിനാണ് കിഫ്ബി ഇടപാടു രഹസ്യമായി നടത്തുന്നത്? ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കിഫ്ബി മസാലബോണ്ടിന് എന്നാണു മുഖ്യമന്ത്രി പറഞ്ഞത്.  മുഖ്യമന്ത്രിയെപ്പോലും ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 

വസ്തുതാപരമായ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തരംതാര വിധത്തില്‍ ആക്ഷേപം ഉന്നയിക്കുകയാണ് ധനമന്ത്രി. തനിക്കു വിവരമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ അത്രയും വിവരം തനിക്കില്ല. എന്നാല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദമുണ്ട്. കയറില്‍ പിഎച്ച്ഡിയില്ല. ഐസക് തന്നെ പഠിപ്പിക്കാന്‍ വരണ്ട, ക്ലാസ് എടുക്കുകയും വേണ്ട. ധനമന്ത്രി തനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ തരംതാണതാണ്. അതിനു മറുപടി പറയുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്കു മാത്രമേ വിവരമുള്ളൂ എന്നു കരുതുന്ന ധനമന്ത്രിയോടു സഹതാപം മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ പേരില്‍ ഏറ്റവുമധികം പൊതുകടം കെട്ടിവച്ച ധനകാര്യമന്ത്രിയാണ് ഐസക്. ഇസ്ലാമിക് ബാങ്ക് നടപ്പാക്കുമെന്നു പറഞ്ഞു, ഡാമുകളിലെ മണല്‍ വാരി വില്‍ക്കുമെന്നു പറഞ്ഞു, ജിഎസ്ടി കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള മറുമരുന്നാണെന്നു പറഞ്ഞു, പ്രവാസി ചിട്ടി വഴി വരുമാനമുണ്ടാക്കുമെന്നു പറഞ്ഞു. ഇതൊന്നും നടന്നില്ല. കേരളം കണ്ട ഏറ്റവും ഭാവനാശൂന്യനായ ധനമന്ത്രിയാണ് തോമസ് ഐസക് എന്നു ചെന്നിത്തല പറഞ്ഞു.

കിഫ്ബിയുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ യുഡിഎഫ് നാലു എംഎല്‍എമാരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എംകെ മുനീര്‍, വിഡി സതീശന്‍, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ് എന്നിവരെ കിഫ്ബി ഫയലുകള്‍ കാണിക്കാന്‍ ധനമന്ത്രി തയാറാവണം. 

കിഫ്ബി ഇടപാടില്‍ കമ്മിഷന്‍ ഉണ്ടോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. മസാല ബോണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിപ്പിക്കണം. എസ്എന്‍സി ലാവലിനും സിഡിപിക്യൂവുമായി നടത്തുന്ന ഈ കച്ചവടത്തിന്റെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.