പെരിയ ഇരട്ടക്കൊലപാതകം: വമ്പന്‍ സ്രാവുകള്‍ക്ക് പങ്കില്ല; നടക്കുന്നത് നീതിയുക്ത അന്വേഷണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പെരിയ ഇരട്ടക്കൊലപാതകം: വമ്പന്‍ സ്രാവുകള്‍ക്ക് പങ്കില്ല; നടക്കുന്നത് നീതിയുക്ത അന്വേഷണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വമ്പന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഹര്‍ജിയിലെ ആരോപണത്തെക്കുറിച്ചു വിവരമില്ലെന്നും വമ്പന്‍ സ്രാവുകള്‍ ആരാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാംഞ്ച് ഡിവിഎസ്പി പിഎം പ്രദീപ് വ്യക്തമാക്കി. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. 

കേസില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ല. സിപിഎം നേതാവ് വിപിപി മുസ്തഫയുടെ പ്രസംഗം രാഷ്ട്രീയ പ്രസംഗം എന്നല്ലാതെ കൊല്ലപ്പെട്ടവരെ പരാമര്‍ശിച്ചുള്ളതല്ല. സിബിഐ അന്വേഷണാവശ്യം സാധൂകരിക്കാവുന്ന വിവരങ്ങളൊന്നും ഹര്‍ജിയിലില്ലെന്നു വിശദീകരണ പത്രികയില്‍ പറയുന്നു. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും, ശരത്‌ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. കേസ് മേയ് 25ലേക്കു മാറ്റി.

കേസിന്റെ ഗൗരവവും കുറ്റകൃത്യത്തിന്റെ സ്വഭാവവും സംഭവശേഷമുണ്ടായ അക്രമങ്ങളും പരിഗണിച്ച് പ്രത്യേക അന്വേഷണ ഏജന്‍സിയായ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പ്രത്യേകാന്വേഷണ സംഘത്തില്‍ മൂന്നു സിഐമാരും സൈബര്‍ വിദഗ്ധനും അടക്കം 21 പേരുണ്ട്. ഉത്തരമേഖലാ എഡിജിപിക്കാണു മേല്‍നോട്ട ചുമതല. ആരോഗ്യപരമായ കാരണത്താല്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്രകാരമാണു അദ്ദേഹത്തെ മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സിപിഎം പ്രാദേശിക നേതാവ് പീതാംബരന്‍ സ്വന്തം അനുയായികള്‍ക്കൊപ്പം പദ്ധതി ആസൂത്രണം ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പീതാംബരനെതിരെ ആക്രമണമുണ്ടായ ശേഷം പ്രശ്‌നം തണുപ്പിക്കാന്‍ പ്രാദേശിക നേതൃത്വം നടത്തിയ ശ്രമങ്ങളോടു പിതാംബരന്‍ യോജിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ പിന്തുണയില്ലെന്ന് കണ്ടപ്പോള്‍ ഉറ്റ സഖാക്കള്‍ക്കൊപ്പം സ്വന്തം നിലയ്ക്ക് പ്രതികാരം ചെയ്യാന്‍ മുതിര്‍ന്നതാണ്.

പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് പീതാംബരന്‍ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. മുന്നാട് പീപ്പിള്‍സ് കോളജില്‍ പഠിക്കുന്ന കല്യോട്ട് മേഖലയിലെ ചില കെഎസ്‌യുക്കാരും എസ്എഫ്‌ഐക്കാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു. കോളജില്‍ കെഎസ്‌യുക്കാരെ വീണ്ടും ആക്രമിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ കോളജ് ബസ് തടഞ്ഞ സംഭവത്തില്‍ ഇടപെട്ട സിപിഎം നേതാവ് പീതാംബരന് പരുക്കേറ്റു. തുടര്‍ന്നു മറ്റുള്ളവരുമായി ചേര്‍ന്നു കൃപേഷിനെയും ശരത്‌ലാലനെയും ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു.

സംഭവശേഷം പ്രതികള്‍ വെളുത്തോളില്‍ ഒത്തുകൂടി. ആക്രമിക്കപ്പെട്ടവര്‍ മരിച്ചെന്ന് വിവരം കിട്ടിയപ്പോള്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തി. മണികണ്ഠന്‍ ആരെയോ വിളിച്ചു കിട്ടിയ ഉപദേശപ്രകാരം പ്രതികളോടു വസ്ത്രങ്ങള്‍ മാറാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും നിര്‍ദേശിച്ചു. പിന്നീട് മണികണ്ഠന്‍ നിര്‍ദേശിച്ച പ്രകാരം 4 പ്രതികളെ ഉദുമ പാര്‍ട്ടി ഓഫിസിലെത്തിച്ചു. പിറ്റേന്ന് നാലു പേര്‍ പൊലീസില്‍ കീഴടങ്ങി.

സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ പീതാംബരനാണ്. സജി സി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്‍ എന്നിവരാണ് രണ്ടു മുതല്‍ 11 വരെ പ്രതികള്‍. 10 പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എട്ടു പേര്‍ക്കു കൊലയില്‍ പങ്കുണ്ട്. കൊല്ലപ്പെട്ടവര്‍ എവിടെയാണെന്ന് ഒരു പ്രതി വിവരം നല്‍കി. ഗൂഢാലോചനയില്‍ പങ്കാളിത്തത്തിന് പുറമെ മുരളി പ്രതികള്‍ക്ക് അഭയം നല്‍കി. എട്ടാംപ്രതി സുബീഷും 11-ാം പ്രതി പ്രദീപനും ഒളിവിലാണ്. സുബീഷ് വിദേശത്താണെന്നാണു വിവരം. പ്രതികളുടെ ഫോണ്‍ കോള്‍ വിശദാംശം പരിശോധിച്ചു സ്ഥിരീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്റെ പത്രികയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com