തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, സുരക്ഷയ്ക്ക് ഗണ്‍മാന്‍

വനാതിര്‍ത്തിയിലെ പ്രചാരണത്തിന് സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, സുരക്ഷയ്ക്ക് ഗണ്‍മാന്‍

കോഴിക്കോട് : വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. 

സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി സ്‌പെഷല്‍ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷയ്ക്കായി ഗണ്‍മാന്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി തുഷാറിന് ഗണ്‍മാനെ നിയോഗിച്ചു. ഇടതു സ്ഥാനാര്‍ത്ഥി പി പി സുനീറിനും ഗണ്‍മാനെ നിയോഗിക്കും.  വനാതിര്‍ത്തിയിലെ പ്രചാരണത്തിന് സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് ലഘുലേഖകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന വനാന്തരങ്ങളില്‍ ജാഗ്രത ശകത്മാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വയനാട്ടില്‍ എല്‍ഡിഎഫിനായി പി പി സുനീറും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മല്‍സരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്. രാഹുലിന് നിലവില്‍ തന്നെ എസ്പിജി സുരക്ഷയുണ്ട്. എങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പൊലീസും പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. 

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന വാര്‍ത്തകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. രാഹുല്‍ഗാന്ധി എത്തിയതോടെ അപ്രസക്തനായ തുഷാര്‍ ക്യാംപ് ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നതിനായി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നായിരുന്നു എതിര്‍പക്ഷം സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com