അമേരിക്കയിലെ മത്സ്യങ്ങള്‍ 15,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യോനേഷ്യയില്‍ എത്തുന്നുണ്ട്; വിചിത്ര വാദവുമായി പി വി അന്‍വര്‍ വീണ്ടും

മുന്‍വാദത്തില്‍ ഉറച്ചും പുതിയ വാദമുഖങ്ങള്‍ നിരത്തിയും വാചാലനായിരിക്കുകയാണ് എംഎല്‍എ
അമേരിക്കയിലെ മത്സ്യങ്ങള്‍ 15,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യോനേഷ്യയില്‍ എത്തുന്നുണ്ട്; വിചിത്ര വാദവുമായി പി വി അന്‍വര്‍ വീണ്ടും

മലപ്പുറം: ജപ്പാനില്‍ മഴ പെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന നിലമ്പൂര്‍ എംഎല്‍എയും പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വറിന്റെ വാദമുഖം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മുന്‍വാദത്തില്‍ ഉറച്ചും പുതിയ വാദമുഖങ്ങള്‍ നിരത്തിയും വാചാലനായിരിക്കുകയാണ് എംഎല്‍എ.

ജപ്പാനില്‍ മഴ പെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന വാദത്തില്‍ ആരുമായി ഒരു സംവാദത്തിന് തയ്യാറാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. 'ജപ്പാനില്‍ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമ ഘട്ടത്തിലെ കാര്‍മേഘങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംവാദത്തിന് തയ്യാറാണ്. 23 ന് വോട്ടെടുപ്പ് അവസാനിക്കും. 25 ന് ശേഷമുള്ള ഒരു ദിവസം തീരുമാനിച്ചോ. ഒരു മണിക്കൂര്‍ സംവാദം. എല്ലാവരെയും വിളിക്കാം'- പി വി അന്‍വര്‍ പറഞ്ഞു.

'അങ്ങനെ എത്രയെത്രെ കാര്യങ്ങള്‍...അമേരിക്കയില്‍ പ്രസവിക്കുന്ന മത്സ്യങ്ങള്‍ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യലെത്തി പ്രസവിച്ച് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുന്നുണ്ട്. ഇതൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്'-പി വി അന്‍വര്‍ വാചാലനായി. 

'2002 വരെ നാസയുടെ സൈറ്റില്‍ ഇക്കാര്യം ഉണ്ടായിരുന്നു.ഇപ്പോള്‍ എവിടെപ്പോയി? എന്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതി?  ജപ്പാന്‍കാര്‍ക്ക് ഇവിടെ വെള്ളം കൊടുക്കാന്‍ എന്താണിത്ര താത്പര്യം? ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പിന്നിലൊക്കെ വേറെ പല കാര്യങ്ങളുണ്ട്. അതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാം' -പി വി അന്‍വര്‍ വീണ്ടും വെല്ലുവിളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com