അയ്യപ്പന്റെ പേരില്‍ മോദി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; മംഗലാപുരത്ത് പോയി കേരളത്തെ അപമാനിക്കുന്നത് മാന്യതയല്ലെന്ന് പിണറായി വിജയന്‍

ചെയ്യുന്ന വോട്ടിനോട് വഞ്ചന കാണിക്കുന്ന ആരെയും നമ്മള്‍ വിശ്വസിക്കാന്‍ പാടില്ല. പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ പാടുള്ളൂവെന്നും പിണറായി വിജയന്‍
അയ്യപ്പന്റെ പേരില്‍ മോദി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; മംഗലാപുരത്ത് പോയി കേരളത്തെ അപമാനിക്കുന്നത് മാന്യതയല്ലെന്ന് പിണറായി വിജയന്‍

കൊല്ലം : അയ്യപ്പന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. സര്‍ക്കാര്‍ ചെയ്തത് ഭരണഘടനാ പരമായ ബാധ്യതയാണ്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് മോദി പറഞ്ഞത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴാണ്, മോദിയുടെ ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ ശകത്മായ മറുപടി നല്‍കിയത്. 

ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാകും. ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാരാണ് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്. വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനല്‍ പടയെ അയക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. മോദിയുടെ അടക്കം അനുഗ്രഹാശ്ശിസുകളോടെയാണ് അത് ചെയ്തത്. ശബരിമലയിലെ തിരുസന്നിധിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചു. അക്രമികളെ നിയന്ത്രിക്കാനും നിലയ്ക്ക് നിര്‍ത്താനും പൊലീസിന് കഴിഞ്ഞു. അതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

ശബരിമലയെ ഔന്നത്യത്തിലേക്ക് എത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. മോദിയോട് ഒന്നേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണ്. അത് പ്രധാനമന്ത്രിക്കും ബാധകമാണ്. കേരളത്തില്‍ വന്ന് തീര്‍ത്ഥാടന കേന്ദ്രം എന്നു മാത്രം പറഞ്ഞ്, തൊട്ടപ്പുറത്ത് പോയി മംഗലാപുരത്ത് ശബരിമലയെയും അയ്യപ്പനെയും എടുത്ത് പറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മാന്യതയല്ല. 

ആ സ്ഥാനത്തിരിക്കുമ്പോള്‍, മാന്യത പുലര്‍ത്താനുള്ള ആര്‍ജവം കാണിക്കണമെന്ന് പിണറായി വിജയന്‍ മോദിയോട് ആവശ്യപ്പെട്ടു. മോദി കോഴിക്കോട് സംസാരിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം പരസ്യമായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങളുടെ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കും എന്ന ഉറപ്പുണ്ടാക്കണമെന്നായിരുന്നു അത്. നിങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കും എന്നതില്‍ ആശ്ചര്യമില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നു. ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ഇവിടെ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക് പോകില്ല എന്നായിരുന്നു. എന്തൊരു ഗതികേടാണിത്. രാഹുല്‍ഗാന്ധിയുടെ ഘടാഗഡിയന്‍ അനുയായിയാണ്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും വെച്ചാണല്ലോ ആളുകള്‍ വിലയിരുത്തുന്നത്. ആളുകള്‍ ശരിയായ വിധികര്‍ത്താക്കളാണ്. അതുകൊണ്ട് നമ്മള്‍ വോട്ടുരേഖപ്പെടുത്തുമ്പോള്‍ നല്ല ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയ്യുന്ന വോട്ടിനോട് വഞ്ചന കാണിക്കുന്ന ആരെയും നമ്മള്‍ വിശ്വസിക്കാന്‍ പാടില്ല. പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ പാടുള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com