'എല്‍ഡിഎഫിന്റെ ബ്രാന്‍ഡായി മാറുന്നതു സംഘടനയ്ക്കു ദോഷം ചെയ്യും': തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടുമായി കെപിഎംഎസ് പുന്നല വിഭാഗം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടു സ്വീകരിക്കാന്‍ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) തീരുമാനം
'എല്‍ഡിഎഫിന്റെ ബ്രാന്‍ഡായി മാറുന്നതു സംഘടനയ്ക്കു ദോഷം ചെയ്യും': തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടുമായി കെപിഎംഎസ് പുന്നല വിഭാഗം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടു സ്വീകരിക്കാന്‍ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) തീരുമാനം. ജനാധിപത്യ, മതേതര, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അംഗങ്ങള്‍ക്കു സ്വതന്ത്രാവകാശം നല്‍കുന്നതിനു സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

കെപിഎംഎസ് ഇടതുമുന്നണിക്കൊപ്പമാണെന്നു വ്യാഖ്യാനിക്കേണ്ടതില്ല. ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെക്കൂടി ഉള്‍ക്കൊള്ളുന്നതാണു നിലപാട്. നവോത്ഥാനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനോടല്ല, സംസ്ഥാന സര്‍ക്കാരിന്റെ ആശയങ്ങളോടാണു തങ്ങള്‍ ചേര്‍ന്നു നിന്നത്. പല ആശയങ്ങള്‍ക്കായി ഒരേവേദി പങ്കുവയ്ക്കുമ്പോഴും ഒരു മുന്നണിയോടും വിധേയത്വമില്ല. ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. ശബരിമല വിഷയം രാഷ്ട്രീയവല്‍കരിക്കാന്‍ പാടില്ലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്തു രൂപീകരിച്ച നവോത്ഥാന മുന്നണിയിലെ പ്രമുഖനാണു പുന്നല ശ്രീകുമാര്‍. എല്‍ഡിഎഫിന്റെ ബ്രാന്‍ഡായി കെപിഎംഎസ് മാറുന്നതു സംഘടനയ്ക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഉണ്ടായി. അതിന്റെ  കൂടി അടിസ്ഥാനത്തിലാണു സ്വതന്ത്ര നിലപാടു തീരുമാനിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. നിലപാടു വിശദീകരിക്കാന്‍ ഇന്നു മുതല്‍ 18 വരെ ജില്ലാ നേതൃയോഗങ്ങള്‍ ചേരും. സ്വകാര്യ, എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കുമെന്നു പ്രസിഡന്റ്് വി. ശ്രീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com