മഴയ്ക്ക് സാധ്യത; ഇനി കാലാവസ്ഥയും രൂപം മാറുമെന്ന് റിപ്പോര്‍ട്ട്, ആശങ്ക 

അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സൂര്യാഘാത സാധ്യത ഇന്നു പതിവിലും കൂടുതലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി
മഴയ്ക്ക് സാധ്യത; ഇനി കാലാവസ്ഥയും രൂപം മാറുമെന്ന് റിപ്പോര്‍ട്ട്, ആശങ്ക 

കൊച്ചി: അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സൂര്യാഘാത സാധ്യത ഇന്നു പതിവിലും കൂടുതലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി. ഇന്നു സാധാരണയിലും രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതല്‍ രേഖപ്പെടുത്തുമെന്നാണു അറിയിപ്പ്. 

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശം കുറഞ്ഞിരിക്കുന്ന കാരണത്താല്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. രാവിലെ 11 മുതല്‍ മൂന്നു മണിവരെ യാതൊരു കാരണവശാലും ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്നു നിര്‍ദേശമുണ്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇന്നു മഴയ്ക്കു സാധ്യതയുണ്ട്. വയനാട് ഒഴികെ, സംസ്ഥാനത്ത് എല്ലായിടത്തും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. ഇന്നലെ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു.

അതേസമയം നിലവിലെ സാഹചര്യങ്ങള്‍ കണക്കാക്കുമ്പോള്‍ എല്‍നിനോയ്ക്ക് 70 ശതമാനം സാധ്യതയാണുള്ളതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല. വേനല്‍മഴ കിട്ടേണ്ട സമയമാണിത്. എന്നാല്‍, ഒറ്റപ്പെട്ട് ചിലയിടങ്ങളില്‍ പെയ്തത് ഒഴികെ കേരളത്തില്‍ കാര്യമായ വേനല്‍മഴ ലഭിച്ചിട്ടില്ല. ജൂണില്‍ തുടങ്ങേണ്ട മഴക്കാലത്തെക്കുറിച്ചും ആശങ്കയുണ്ട്. നമ്മുടെ മഴയുടെ ലഭ്യത എല്‍നിനോയെ അടിസ്ഥാനമാക്കിയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ സാധാരണയായി രാജ്യത്ത് പ്രതീക്ഷിക്കുന്നത് 89 സെന്റീമീറ്റര്‍ മഴയാണ്. ഇതില്‍നിന്ന് 10 ശതമാനം കുറവാണ് മഴയെങ്കില്‍ അത് വരള്‍ച്ചയായാണ് വിലയിരുത്തുക. കേരളത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ 200 മുതല്‍ 210 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാറുണ്ട്. എന്നാല്‍, എല്‍നിനോ ഇതിലെല്ലാം മാറ്റംവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.


പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോടുചേര്‍ന്ന് കടല്‍ജലത്തിന്റെ ചൂട് ക്രമാതീതമായി കൂടുന്നതാണ് എല്‍നിനോയ്ക്ക് കാരണം. ചൂട് രണ്ടുഡിഗ്രിമുതല്‍ അഞ്ചുഡിഗ്രിവരെ കൂടാം. രണ്ടുമുതല്‍ ഏഴുവര്‍ഷത്തിന്റെ ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്താണ് എല്‍നിനോ രൂപംകൊള്ളുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com