സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍, അഞ്ചാമനായി വലവിരിച്ച് പൊലീസ്

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ച്‌ പണവും സ്വർണമാലയും മൊബൈൽഫോണും കവർന്ന അഞ്ചംഗസംഘത്തിലെ നാലു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു
സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍, അഞ്ചാമനായി വലവിരിച്ച് പൊലീസ്

വർക്കല: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ച്‌ പണവും സ്വർണമാലയും മൊബൈൽഫോണും കവർന്ന അഞ്ചംഗസംഘത്തിലെ നാലു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. 11ന് രാത്രി 12 മണിയോടെ ഇടവ ഓടയം അഞ്ചുമുക്കിലാണ് സംഭവം. കൊട്ടാരക്കര പുത്തൂർ തേവലപ്പുറം നന്ദനംവീട്ടിൽ പ്രശാന്ത് (35) നെയാണ് മർദ്ദിച്ച് അവശനാക്കിയത്. പ്രശാന്തിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല, 15,000 രൂപ വിലയുളള മൊബൈൽഫോൺ, പെഴ്സിലുണ്ടായിരുന്ന 7500രൂപ എന്നിവയാണ് കവർന്നത്.

 പ്രതികളായ വർക്കല തിരുവമ്പാടി വാറിൽവീട്ടിൽ ജസ്മീർ (20), കുരയ്ക്കണ്ണി അയിഷ ഭവനിൽ ബസ്സം (20), ഇടവ പുന്നകുളം ചരുവിള വീട്ടിൽ ആഷിക് (20), കുരയ്ക്കണ്ണി തിരുവമ്പാടി ഇസ്മയിൽ മൻസിലിൽ ബദിൻഷാ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്തു. ബദിൻഷാ 2013ൽ പാപനാശം കുന്നിൽ നിന്നു തമിഴ്നാട് സ്വദേശിയെ തളളിയിട്ട് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കൊട്ടാരക്കര സ്വദേശിയായ പ്രശാന്ത് കെട്ടിടങ്ങളിലെ ചോർച്ച തടയുന്നതിനുളള വാട്ടർ പ്രൂഫിംഗ് ജോലി കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന ആളാണ്. ഒപ്പം ജോലി ചെയ്യുന്ന വർക്കല സ്വദേശി അലിയെ അന്വേഷിച്ചാണ് സംഭവദിവസം രാത്രി 12 മണിയോടെ കൊല്ലത്തു നിന്നു സ്കൂട്ടറിൽ അഞ്ചുമുക്കിലെത്തിയത്. അവിടെ റോഡ് വക്കിൽ നിന്ന് സുഹൃത്തിന് ഫോൺചെയ്യുന്നതിനിടയിലാണ് സംഘത്തിലെ രണ്ട്പേർ കാറിലെത്തിയത്. അവർ ചാടിയിറങ്ങി അഞ്ചുമുക്കിലെത്തിയതിനെക്കുറിച്ച് ചോദിക്കുകയും ബലാൽക്കാരമായി കാറിൽ പിടിച്ചുകയറ്റി തിരുവമ്പാടിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട വരികയും അവിടെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. 

ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് മറ്റു മൂന്ന് പ്രതികളും സ്ഥലത്തെത്തി. തുടർന്ന് പ്രശാന്തിനെ ഇരുമ്പ് പൈപ്പുകൊണ്ട് ശരീരമാസകലം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ ഭീഷണിപ്പെടുത്തി മോഷണത്തിനായി എത്തിയതാണെന്നും അസാന്മാർഗിക പ്രവൃത്തിക്ക് വന്നതാണെന്നും മറ്റും പറയിപ്പിച്ച് മൊബൈൽ ഫോണിൽ വീഡിയോ റെക്കാഡ് ചെയ്തു. സംഘത്തിലൊരാൾ പൊലീസുകാരനാണെന്നും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. 

മൂന്നര മണിക്കൂർ നേരത്തെ ഭീകരമായ മർദ്ദനത്തെതുടർന്ന് പ്രശാന്ത് അർദ്ധ അബോധാവസ്ഥയിലായതോടെ പ്രതികൾ കടന്നുകളഞ്ഞു. വീഡിയോ റെക്കാഡിംഗ് നടത്തിയ ദൃശ്യങ്ങൾ പിന്നീട് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതികൾ പ്രചരിപ്പിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പുരയിടത്തിൽ അവശനായിക്കിടന്ന പ്രശാന്ത് പുലർച്ചെ 5 മണിയോടെ വർക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് പ്രശാന്തിനെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഒരു ഐ 20 വെളളക്കാറിലാണ് പ്രതികൾ എത്തിയതെന്ന് പ്രശാന്ത്‌ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. പ്രദേശത്തെ സിസി ടിവി കാമറകൾ പരിശോധിച്ച്‌ ഈ കാർ പൊലീസ് കണ്ടെത്തി. സംഭവത്തിനുശേഷം മുങ്ങിയ പ്രതികളിൽ നാല് പേരെ വിവിധയിടങ്ങളിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാമനായ കുരയ്ക്കണ്ണി സ്വദേശി നാഗർകോവിലിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. ഇയാൾക്കുവേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പാപനാശം, ഹെലിപ്പാട്, ഓടയം ബീച്ചുകളിൽ സദാചാരപൊലീസ് ചമഞ്ഞ് നിരവധിപേരെ ഇത്തരത്തിൽ പ്രതികൾ ഇരയാക്കിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. 

തട്ടിക്കൊണ്ടുപോകൽ, കൂട്ടായ്മകവർച്ച, കവർച്ചയ്ക്കിടയിൽ കഠിനമായി ദേഹോപദ്രവമേല്പിച്ച് പണം അപഹരിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com