ആയിരത്തി എണ്‍പത്തിയേഴ് കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ പോകുകയാണ്; പ്രസംഗിക്കാന്‍ പേടിയെന്ന് ശ്രീധരന്‍പിള്ള

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th April 2019 05:29 PM  |  

Last Updated: 15th April 2019 05:29 PM  |   A+A-   |  

 


കൊച്ചി: താന്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മരിച്ച തീവ്രവാദികളെ പറ്റി താന്‍ നടത്തിയ പരാമര്‍ശം മുസ്ലീങ്ങളെ അധിക്ഷേപിച്ചതാക്കി മാറ്റുകയായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രസംഗിക്കാന്‍ പേടിയാണ്. കാരണം മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍പിള്ള ആഞ്ഞടിച്ചു കേസെടുക്കണമെന്നാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ച. എന്നെ ആയിരത്തിഎണ്‍പത്തിഎഴ് കേസില്‍ പ്രതിയാക്കാന്‍ പോകുകയാണ്. ബാലാക്കോട്ട് പോയി 21 മിനിറ്റ് കൊണ്ട് നമ്മുടെ സൈന്യം വിസ്മയം  തീര്‍ത്തു. മൂന്ന് കേന്ദ്രങ്ങളും തകര്‍ത്ത് തിരിച്ചെത്തി. എന്നിട്ടും പാക്കിസ്ഥാന്റെ വാദം അത് നടന്നില്ലെന്നാണ്. അത് ഏറ്റുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍  പ്രസംഗിച്ചത് ഇന്ത്യയിലെ ചിലനേതാക്കള്‍ക്ക് ഇന്ത്യയെക്കാള്‍ ജനപിന്തുണ പാക്കിസ്ഥാനിലാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

അതിന്റെ തുടര്‍ച്ചയായി അവിടെ പ്രസംഗിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അതിന്റെ തെളിവ് വേണമെന്ന് ആവശ്യപ്പെടുന്നവരോട് ദേഹപരിശോധന നടത്തിയാല്‍ മതിയെന്നാണ്. ഇത് മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലാക്കി മാറ്റി. അതുകൊണ്ട് മുസ്ലീങ്ങളെ അധിക്ഷേപിക്കരുതെന്നാണ് കുഞ്ഞാലിക്കുട്ടിയോടും ചെന്നിത്തലയോടും കോടിയേരിയോടും പറയാനുള്ളത്. കേസിനെ പേടിച്ചിട്ടല്ല. കേസില്‍ സത്യം ജയിക്കും. ബിജെപിയെ രണ്ടാം പൗരന്‍മാരാക്കാനാണ് സര്‍ക്കാരിന്റെ  ശ്രമമെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.