കണിക്കൊന്നയും കണിവെള്ളരിയുമായി ഇന്ന് വിഷു; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2019 07:16 AM  |  

Last Updated: 15th April 2019 07:16 AM  |   A+A-   |  

 

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് വിഷു ഊര്‍ജ്ജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

നന്മയുടെയും പുരോഗതിയുടെയും സ്‌നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോര്‍ഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജമാവട്ടെ വിഷുവിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി കുറിച്ചു.

പ്രളയത്തെ അതിജീവിച്ച ശേഷമെത്തുന്ന ആദ്യ ഉത്സവം എന്ന നിലയില്‍ വിഷു ഇക്കുറി സന്തോഷത്തിന്റേത് കൂടിയാണ്. കണിക്കൊന്നയും കണിവെള്ളരിയുമായി കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ കൂടിയാണ് വിഷുവിലൂടെ ഓര്‍മ്മിക്കപ്പെടുന്നത്.