അക്രമം നടത്തിയാല്‍ സല്‍പ്രവൃത്തിയായി കാണാന്‍ പറ്റില്ല; മോദി നുണ പറയുകയാണെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നത് സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണ് കേസ്. ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍  ചെയ്തത്
അക്രമം നടത്തിയാല്‍ സല്‍പ്രവൃത്തിയായി കാണാന്‍ പറ്റില്ല; മോദി നുണ പറയുകയാണെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്ന് പറഞ്ഞ് അക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ല. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നത് സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണ് കേസ്. ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍  ചെയ്തത്.  

സ്ഥാനാര്‍ഥിയെ അറസ്റ്റ് പൊലീസ് ചെയ്തതല്ല, കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി തിരുവനന്തപുരം കാട്ടാക്കടയില്‍ പറഞ്ഞു

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഒരു നേതാവ് ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് പിണറായി 
പറഞ്ഞു. വേണമെങ്കില്‍ ഞാന്‍ പോകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം പ്രകൃതി ദുരന്തമല്ല മനുഷ്യനിര്‍മിതമാണ് എന്ന പ്രചരണമുണ്ടായി.ഇപ്പോഴിതാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വീണ്ടും പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ആധികാരികമായി അഭിപ്രായം പറയാനര്‍ഹതയുള്ള ദേശീയ ജലവിഭവ കമ്മീഷന്‍ പറഞ്ഞത് ഇത് പ്രകൃതി ദുരന്തമാണെന്നാണ്.മദ്രാസ് ഐഐടിയുടെ വിദഗ്ധ ടീമും ഐക്യരാഷ്ട്ര സഭ വിദഗ്ധരും പരിശോധിച്ച് പ്രകൃതി ദുരന്തമാണെന്നാണ് പറഞ്ഞത്. കേരളത്തിലെ നദികള്‍ക്ക് താങ്ങാവുന്നത് 2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്.എന്നാല്‍, പ്രളയ സമയത്ത് 14,000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് നദികളിലേയ്ക്ക് ഒഴുകിയെത്തിയത് എന്ന കണക്കാണ് ഐക്യരാഷ്ട്ര സഭ വിദഗ്ധര്‍ പറഞ്ഞത്. ഈ സമയത്ത് കടലില്‍ അസ്വാഭാവികമായി വേലിയേറ്റവുമുണ്ടായി, അതും സര്‍ക്കാരുണ്ടാക്കിയതാണെന്ന് ഭാഗ്യത്തിനിവര്‍ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com