എല്‍നിനോ പ്രതികൂലമായി ബാധിക്കില്ല; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th April 2019 04:43 PM  |  

Last Updated: 15th April 2019 04:43 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ്. എന്നാല്‍ പ്രളയ സാധ്യതയുണ്ടെന്ന് പറയാനാകില്ലെന്ന് ഐഎംഎംഡി ഡിജി ഡോക്ടര്‍ രാജീവ് പറഞ്ഞു. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും എല്‍നിനോ പ്രതികൂലമായി ബാധിക്കില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നുനില്‍ക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

രാജ്യത്ത് എല്ലായിടത്തും ഈ വര്‍ഷം സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസം രൂപപ്പെട്ട വര്‍ഷങ്ങളിലെല്ലാം സാധാരണ മഴ രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത്തവണ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട് എല്‍നിനോ പ്രതിഭാസം  ജൂലായ്- ഓഗസ്റ്റ് മാസത്തോടെ ശക്തികുറയും. ഇതോടെ കേരളത്തില്‍ കനത്തമഴയാണ് പ്രവചിക്കുന്നത്. എന്നാല്‍ പ്രളയമുണ്ടാകാനുള്ള സാഹചര്യം പറയാനാകില്ലെന്നും ഈ കാലവര്‍ഷത്തില്‍ 96 ശതമാനം മഴ ലഭിക്കുമെന്നും കാലാവവസ്ഥ വകുപ്പ് പറയുന്നു.