ആത്മവീര്യം കൈവിടരുതെന്ന് സി ദിവാകരന്‍; ദൃഡനിശ്ചയത്തോടെ തിരിച്ചെത്തുമെന്ന് തരൂര്‍; ആശുപത്രിയിലെത്തി നിര്‍മ്മല സീതാരാമന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th April 2019 09:46 AM  |  

Last Updated: 16th April 2019 09:46 AM  |   A+A-   |  

 

തിരുവനന്തപുരം: തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. 

നിര്‍മലാ സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ട്വിറ്ററിലൂടെ ശശി തരൂര്‍ പങ്കുവെച്ചു. ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തരൂരിനെ ഇന്ന് സന്ദര്‍ശിച്ചേക്കും.

എതിരാളിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സി ദിവാകരന്‍ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവാകരന്‍ ആശുപത്രി സുപ്രണ്ടുമായും സംസാരിച്ചതായും ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞെന്നും തരൂര്‍ പറഞ്ഞു. ഞാന്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വരുമെന്ന് ദിവാകരന് മറുപടി നല്‍കിയെന്നും തരൂര്‍ വ്യക്തമാക്കി.

 

തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് ശശി തരൂര്‍ അപകടത്തില്‍പ്പെട്ടത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ ഇരിക്കുമ്പോഴായിരുന്നു അപകടം. ത്രാസിന്റെ ദണ്ഡ് തലയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് തരൂര്‍ ഇപ്പോള്‍.