കുഞ്ഞിന്റെ നില ഗുരുതരം: ഹൃദയത്തിന് ദ്വാരവും വാല്‍വിന് തകരാറും; ശസ്ത്രക്രിയ ഉടനില്ല

By സമകാലികമലയാളം ഡെസ്‌ക്  |   Published: 16th April 2019 08:25 PM  |  

Last Updated: 16th April 2019 08:25 PM  |   A+A-   |  

 

കൊച്ചി: ഹൃദയശസ്ത്രക്രിയ നടത്താനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ ഉടന്‍ തന്നെ ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എറണാകുളം അമൃത ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘമാണ് പരിശോധനയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.

ഹൃദയത്തിന് ദ്വാരമുണ്ടെന്നും വാല്‍വിന് തകരാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ശസ്ത്രക്രിയ നടത്തണമെങ്കില്‍ മറ്റ് അവയവങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയിപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഉള്ളത്.

ഇന്ന് 4.30ഓടെയായിരുന്നു കുട്ടിയെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ പത്തിനാണ് കുട്ടിയെ ആംബുലന്‍സില്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്രയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനായി ചൈല്‍ഡ് പ്രൊട്ടക്റ്റിലെ സന്നദ്ധപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുയായിരുന്നു. 

തുടര്‍ന്ന് വിഷയം സംസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അഞ്ചരമണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ പിന്നിട്ടാണ് കുഞ്ഞിനെ കൊച്ചിയില്‍ എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.