ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ല; സിപിഎം ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും രാഹുല്‍ 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റിയതില്‍ രാഹുല്‍ മാപ്പുചോദിച്ചു
ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ല; സിപിഎം ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും രാഹുല്‍ 

ആലപ്പുഴ: ആര്‍എസ്എസ് ഈ രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്നും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റിയതില്‍ രാഹുല്‍ മാപ്പുചോദിച്ചു. 'നിങ്ങളില്‍ നിന്നും വേണുഗോപാലിനെ കൊണ്ടുപോകുന്നതില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. വേണുഗോപാല്‍ കഴിവുളള നേതാവാണ്. അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. പാര്‍ട്ടിക്ക് അത്രയ്ക്ക് ആവശ്യമാണ് വേണുഗോപാലിനെ. അതുകൊണ്ട് വേണുഗോപാലിനെ നിങ്ങളില്‍ നിന്നും കൊണ്ടുപോകുന്നതില്‍ മാപ്പുചോദിക്കുന്നു'- രാഹുല്‍ പറഞ്ഞു.

ചൗക്കിദാര്‍ ചോര്‍ ആണെന്ന് മോദിയെ ഉദ്ദേശിച്ച് രാഹുല്‍ ആവര്‍ത്തിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമണം നേരിടുകയാണ്. ആര്‍എസ്എസിനെ ചെറുക്കാന്‍ കഴിയുന്ന ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

ഇടതുപക്ഷവും ആര്‍എസ്എസും വ്യത്യസ്തരാണ്. ആര്‍എസ്എസ് ഈ രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം  ചെയ്തിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com