കെ.സുധാകരന് എതിരെ കേസെടുക്കണം; സ്ത്രീയായതിലും, അമ്മയായതിലും, ടീച്ചറായതിലും അഭിമാനമെന്ന് ശൈലജ ടീച്ചര്‍

സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുക്കണമെന്നും കുറിപ്പിലൂടെ ടീച്ചര്‍ ആവശ്യപ്പെട്ടു
കെ.സുധാകരന് എതിരെ കേസെടുക്കണം; സ്ത്രീയായതിലും, അമ്മയായതിലും, ടീച്ചറായതിലും അഭിമാനമെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പരസ്യത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പുറത്തിറക്കിയ പരസ്യ ചിത്രം കടുത്ത സ്ത്രീ വിരുദ്ധവും സ്ത്രീ സമൂഹത്തെ ആകെ അവഹേളിക്കുന്നതുമാണെന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരുവാന്‍ തയ്യാറെടുക്കുന്ന കാലമാണ്. ഈ സമയത്താണ് സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്ന് ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരസ്യ ചിത്രത്തില്‍ പറയുന്നത്. ഈ സ്ത്രീ വിരുദ്ധ പരസ്യം കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.കെ.ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് വ്യക്തമാകുന്നുണ്ടെന്നും ശൈലജ ടീച്ചര്‍ പഞ്ഞു.

സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുക്കണമെന്നും കുറിപ്പിലൂടെ ടീച്ചര്‍ ആവശ്യപ്പെട്ടു. സ്ത്രീയായതിലും അമ്മയായതിലും, ടീച്ചര്‍ ആയതിലും അഭിമാനം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂർ പാർലമെന്‍റ് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി പുറത്തിറക്കിയ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്നതും ആണ്. ചൊവ്വയിലേക്ക് പോലും സ്ത്രീകൾ എത്തിച്ചേരാൻ തയ്യാറെടുക്കുന്ന കാലമാണിത്. ഈ സമയത്താണ് സ്ത്രീകൾ പോയാൽ ഒന്നും നടക്കില്ലെന്ന് ഒരു യുഡിഎഫ് സ്ഥാനാർഥിയുടെ പരസ്യ ചിത്രത്തിൽ പറയുന്നത്. ഈ സ്ത്രീവിരുദ്ധ പരസ്യം കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയും, മന്ത്രിയായും, എംപി ആയും വളരെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാർത്ഥമായി സാമൂഹ്യ പ്രവർത്തനം നടത്തുന്നവരെ കുറിച്ച് ഇത്ര മോശമായ പരാമർശങ്ങൾ നടത്തുന്നവർ കേരളത്തിന്‍റെ ഉന്നതമായ സാമൂഹ്യ, ജനാധിപത്യ ബോധം ഉൾക്കൊള്ളുന്നില്ല. എതിർ സ്ഥാനാർഥിക്കെതിരെ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുക്കണം. കുടുംബത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനോടൊപ്പം സമൂഹത്തിന്‍റെ ഉത്തരവാദിത്വം കൂടി ചുമലിലേറ്റുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു വരണം.

സ്ത്രീയായതിലും, അമ്മയായതിലും, ടീച്ചർ ആയതിലും അഭിമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com