കേരളം രാജ്യത്തിന് മാതൃക; സിപിഎമ്മിന് തൊടാതെ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍

സംഘ്പരിവാര്‍ ആശയം ഇന്ത്യയെ ഭരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യഭരിക്കണമെന്നാണ്
കേരളം രാജ്യത്തിന് മാതൃക; സിപിഎമ്മിന് തൊടാതെ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍

കൊല്ലം: കേരളം രാജ്യത്തിന് മാതൃകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷതയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെക്കെ ഇന്ത്യയില്‍ മത്സരിക്കാനുള്ള തീരുമാനം രാജ്യത്തിന് സന്ദേശം നല്‍കാനാണ്. ഭാരതമെന്നത് ലക്ഷക്കണക്കിന് ആശയങ്ങളും ചിന്തയുമാണ്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരമാണ് കേരളമെന്നും പത്തനാപുരത്ത് തെരഞ്ഞടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

രാജ്യം ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ ആക്രമണമാണ് നേരിടുന്നത്. അവരുടെതല്ലാത്ത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. സംഘ്പരിവാര്‍ ആശയം ഇന്ത്യയെ ഭരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യഭരിക്കണമെന്നാണ്. ഒരു വ്യക്തിയും ഒരു ആശയവുമില്ല രാജ്യം ഭരിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

സംഘ്പരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യത്ത് വേണ്ടെന്നാണ് അവര്‍ പറയുന്നത്. അവരുടെ ആശയങ്ങളോട് യോജിപ്പില്ലാത്തവരെ അവര്‍ ഇല്ലായ്മ ചെയ്യുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് അവര്‍ക്ക് അഹിംസയിലൂടെ മറുപടി നല്‍കും. നിങ്ങളുടെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എത്രമാത്രം അടിച്ചമര്‍ത്തിയാലും ആക്രമിച്ചാലും ഞങ്ങളുടെ മറുപടി സ്‌നേഹത്തിന്റെ ഭാഷയിലായിരിക്കും. ഈ രാജ്യത്ത് ഓരോ വ്യക്തിയുടെയും ശബ്ദം വളരെ പ്രധാനപ്പെട്ടതാണ്. ഈ രാജ്യത്തിന്റെ ശക്തിയും ശബ്ദവും സൗന്ദര്യവുമാണ് പ്രധാനമെന്ന് രാഹുല്‍ പറഞ്ഞു.

കേരളം രാജ്യത്തിന് നല്‍കുന്നത്് തുല്യതയെന്ന സന്ദേശമാണ് നല്‍കുന്നത്. കേരളത്തിന്റെ ആത്മവിശ്വാസമാണ് മലയാളിയുടെ വിജയം. സാക്ഷരതയുടെ കാര്യത്തിലും മികച്ച വിദ്യാഭ്യാസനിലവാരത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. പുറംലോകത്തെ കേരളം ആത്മവിശ്വാസത്തോട നോക്കി കാണുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാണെന്നും രാഹുല്‍ പറഞ്ഞു.

മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. ജനങ്ങളോട് പറഞ്ഞ ഒരു കാര്യവും നടപ്പാക്കിയില്ല. പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു, അക്കൗണ്ടില്‍ പതിനഞ്ച് കോടി വരുമെന്ന് പറഞ്ഞു, കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അതിന്റെ നേട്ടം ലഭിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. മോദി പാലിച്ച ഓരേ ഒരു വാഗ്ദാനം അനില്‍ അംബാനിക്ക് റാഫേല്‍ ഇടപാടില്‍ 30,000 കോടി നല്‍കുകയെന്നതുമാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും മോദി സര്‍ക്കാര്‍ ചെയ്തില്ല. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ.  നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍  ഈ രാജ്യത്തെ പാവപ്പെട്ട നല്‍കാന്‍ സാധിക്കുമെന്ന ആശയം ഞങ്ങള്‍ക്കുണ്ട്. 

ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷന്‍മാരേക്കാള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് സ്ത്രീകള്‍ക്ക് പണം ചിലവാക്കാന്‍ സാധിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com