വിഷുദിനത്തില്‍ പി ജയരാജന് അപ്രതീക്ഷിത അതിഥികള്‍ ; ഗുജറാത്ത് കലാപത്തിലെ ഇരയ്ക്കും അക്രമിക്കുമൊപ്പം വിഷുസദ്യ, ചിത്രങ്ങള്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2019 09:59 AM  |  

Last Updated: 16th April 2019 09:59 AM  |   A+A-   |  

 

കോഴിക്കോട് : വിഷു ദിനത്തില്‍ വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി പി ജയരാജനെ തേടി അപ്രതീക്ഷിത അതിഥികളെത്തി. ഗുജറാത്ത് കലാപത്തിലെ അക്രമിയും ഇരയുമാണ് ജയരാജന് പിന്തുണ അറിയിച്ച് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച അശോക് മോച്ചിയും കൈകൂപ്പി നിന്ന കുത്തബ്ദീന്‍ അന്‍സാരിയുമാണ് ജയരാജനെ തേടിയെത്തിയത്. 

ഇവര്‍ക്കൊപ്പം വിഷുസദ്യയും കഴിച്ച ശേഷമാണ് ജയരാജന്‍ മണ്ഡല പര്യടനത്തിനിറങ്ങിയത്. ഇനിയുള്ള ദിവസങ്ങളില്‍ ജയരാജന് വേണ്ടി വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഓടി വന്നതാണ് പ്രിയപ്പെട്ട കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും.ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച മോച്ചിയുടെയും കൈകൂപ്പി നിന്ന അന്‍സാരിയുടെയും ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞവയാണ്. ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഐഎമ്മായിരുന്നു.

ഇരുവരുമായും എനിക്ക് വര്‍ഷങ്ങളായി ബന്ധമുണ്ട്.ഗുജാറാത്ത് കലാപത്തിന് 12 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ 2014 ല്‍ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയില്‍ കൊണ്ടുവന്നത് രാജ്യമാകെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു.അന്ന് തുടങ്ങിയ ബന്ധമാണ്.അത് ഇപ്പോഴും തുടരുന്നു.
വിശേഷ ദിവസങ്ങളില്‍ ഇരുവരും ഇങ്ങോട്ടും ഞാന്‍ തിരിച്ചും ഫോണില്‍ വിളിക്കാറുണ്ട്.

ഞാന്‍ സ്ഥാനാര്‍ത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തില്‍ വീട്ടില്‍ എന്നെ കാണാനെത്തിയത്.എനിക്ക് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കേക്കും അന്‍സാരിയും മോച്ചിയും കൂടി മുറിച്ചു.വീട്ടില്‍ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി.ഇനിയുള്ള ദിവസങ്ങളില്‍ എനിക്ക് വേണ്ടി വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം.സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി....