കനത്ത മഴ, മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; നീരൊഴുക്ക് ശക്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 05:17 PM  |  

Last Updated: 17th April 2019 05:17 PM  |   A+A-   |  

 

ഇടുക്കി: കനത്ത വേനലിന് ശമനം നല്‍കി ശക്തമായി പെയ്ത വേനല്‍ മഴയില്‍ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു വിട്ടു. അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക്  ഒഴുക്കുന്നത്. ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍  ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്. 

കഴിഞ്ഞ രണ്ട് ദിവസമായി  കുണ്ടള  ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. 1758.69 മീറ്റര്‍  ആണ് കുണ്ടള  അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന്  ഷട്ടര്‍ ഉയര്‍ത്തിയത്.  അഞ്ച് ക്യുമെക്‌സ് വെള്ളം മാത്രമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. 

മുതിരപ്പുഴയാറിലേക്ക് ഒഴുകി എത്തുന്ന ഈ വെളളം പുഴയില്‍ നേരിയ ജലപ്രവാഹം മാത്രമേ ഉണ്ടാക്കൂ.എന്നാല്‍ ശക്തമായ വരള്‍ച്ചയില്‍ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അമ്പത് ശതമാനത്തില്‍ താഴെയാണ്. ഇടുക്കി അണക്കെട്ടിലും അതിവേഗമാണ് ജലനിരപ്പ് താഴുന്നത്.