ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പൊലീസ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി അധിക്ഷേപിച്ചു: പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 05:45 AM  |  

Last Updated: 17th April 2019 05:45 AM  |   A+A-   |  

chinju

 

കൊച്ചി; എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ട്രാന്‍ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതിയ്ക്ക് (അശ്വതി രാജപ്പന്‍) എതിരേ പൊലീസ് അതിക്രമമെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാത്രിയില്‍ പോസ്റ്ററുകള്‍ പതിച്ച് മടങ്ങുമ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞു നിര്‍ത്തി ആക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. 

14 ന് രാത്രിയിലാണ് സംഭവമുണ്ടായത്. പോസ്റ്റര്‍ ഒട്ടിക്കലുകളും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ചിഞ്ചു അശ്വതിയുടെ അടുത്ത് രണ്ട് പൊലീസ് ജീപ്പുകള്‍ എത്തി തടയുകയും അസഭ്യവും ഭീഷണിയും മുഴക്കുകയുമായിരുന്നു. കലക്ടര്‍ക്കും കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. 
 
തന്റെ ദളിത്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് അശ്വതി ഉന്നയിക്കുന്നത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ നിന്നു ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് ഇവര്‍. ഇന്റര്‍സെക്‌സ് വ്യക്തിത്വത്തിന് ഉടമയായ ഇവര്‍ സ്വതന്ത്ര്യയായാണ് മത്സരിക്കുന്നത്.