പരിപാടി കാണാന്‍ ആളില്ല; രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് എത്തിയ ഖുശ്ബു ദേഷ്യപ്പെട്ട് മടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 01:01 AM  |  

Last Updated: 17th April 2019 05:42 AM  |   A+A-   |  

KUSHBOO

 

മലപ്പുറം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നടിയും  എഐസിസി സെക്രട്ടറിയുമായ ഖുശ്ബു പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ജനപങ്കാളിത്തം കുറഞ്ഞതില്‍ പ്രകോപിതയായാണ് ഖുശ്ബു തിരിച്ചു പോയത്.  മലപ്പുറം തുവ്വൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. 
 
വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാലരയോടെയാണ് ഖുശ്ബു തുവ്വൂരിലെത്തിയത്. പരിപാടിക്ക് സംഘാടകര്‍ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. ഇതോടെ കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങുകയായിരുന്നു.

ഖുശ്ബുവിന്റെ മടക്കം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരിപാടിയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആളുകള്‍ കുറയാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. സംഭവത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.