പിതൃസ്മരണയില്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ; ബലി തര്‍പ്പണം നടത്തി ( ചിത്രങ്ങള്‍)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 11:01 AM  |  

Last Updated: 17th April 2019 11:09 AM  |   A+A-   |  

 

വയനാട് : വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. രാവിലെ പത്തുമണി കഴിഞ്ഞാണ് രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം, കോണ്‍ഗ്രസ് അധ്യക്ഷന്‍ പാപനാശിനിയില്‍ ബലിതര്‍പ്പണവും നടത്തി. 

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു. പിതാവ് രാജീവ് ഗാന്ധിക്ക് ബലിയിടാനാണ് രാഹുല്‍ തിരുനെല്ലിയിലെത്തിയത്. മുത്തശ്ശി ഇന്ദിരാ​ഗാന്ധി, പിതാമഹൻ ജവാഹർ ലാൽ നെഹ്റു മറ്റ് പൂർവികർ തുടങ്ങിയവർക്ക് വേണ്ടിയും ബലി തർപ്പണം നടത്തി. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വേണ്ടിയും, രക്തസാക്ഷികളായ കോൺ​ഗ്രസ് പ്രവർത്തകർക്ക് വേണ്ടിയും രാഹുൽ ബലിതർപ്പണം നടത്തിയെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.  പാപനാശിനിയില്‍ കുളിച്ചശേഷം വീണ്ടും ക്ഷേത്രദര്‍ശനം നടത്തി പ്രസാദം വാങ്ങിയാണ് രാഹുല്‍ മടങ്ങിയത്. 

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുനെല്ലിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. 

1991 ലാണ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയത്. അന്ന് കെ കരുണാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്തത്.