ഒരു ബിഷപ്പിനെ ബിഷപ്പല്ല, ഒരു മൗലവിയെ മൗലവിയല്ല എന്ന് പറയാനുളള ആര്‍ജവം കോടിയേരിക്ക് ഉണ്ടോ?; മറുപടിയുമായി ചിദാനന്ദപുരി

ഒരാള്‍ സന്യാസിയല്ല എന്ന് പറയാന്‍ ലോകത്ത് വെറൊരു വ്യക്തിക്കും സാധിക്കില്ല
ഒരു ബിഷപ്പിനെ ബിഷപ്പല്ല, ഒരു മൗലവിയെ മൗലവിയല്ല എന്ന് പറയാനുളള ആര്‍ജവം കോടിയേരിക്ക് ഉണ്ടോ?; മറുപടിയുമായി ചിദാനന്ദപുരി

കൊച്ചി: താന്‍ സന്യാസി വേഷം ധരിച്ച ആര്‍എസ്എസുകാരന്‍ ആണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് കുളത്തൂര്‍ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ മറുപടി. ഒരാള്‍ സന്യാസിയല്ല എന്ന് പറയാന്‍ ലോകത്ത് വെറൊരു വ്യക്തിക്കും സാധിക്കില്ല. സന്യാസ നിഷ്ഠ പുലര്‍ത്തുന്നുണ്ടോ എന്ന് ആ സന്യാസിക്ക് മാത്രമേ അറിയാന്‍ കഴിയൂ. ഒരു സന്യാസിക്ക് ഒരു ഗുരുനാഥനുണ്ട്. അദ്ദേഹം സന്യാസസംസ്‌കാരം പറഞ്ഞുതന്നതിന് ശേഷമാണ് സ്വാമി ചിദാനന്ദപുരി എന്ന പേര് അനുഗ്രഹിച്ചു നല്‍കിയിട്ടുളളത്. ആ ഗുരുനാഥന്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചുവന്ന ഒരാളെ സന്യാസിയല്ല എന്ന് പറയാന്‍ ലോകത്ത് മറ്റൊരാള്‍ക്കും അധികാരമില്ല. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്യാസിയല്ല എന്ന് കോടിയേരി പറഞ്ഞത് എന്ന് ചിദാനന്ദപുരി ചോദിച്ചു. ഒരു ബിഷപ്പിനെ ബിഷപ്പല്ല, ഒരു കര്‍ദിനാളിനെ കര്‍ദിനാളല്ല, ഒരു മൗലവിയെ മൗലവിയല്ല എന്നിങ്ങനെ പറയാനുളള ആര്‍ജ്ജം ഈ നേതാവിന് ഉണ്ടാകുമോ എന്ന് സംശയമാണെന്നും കോടിയേരിയെ ഉദ്ദേശിച്ച് ചിദാനന്ദപുരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ആചാര്യന്‍ പഠിപ്പിച്ചു തന്നതനുസരിച്ച് ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് ആചാരധ്വംസനം നടത്തി. ഈ സമയത്ത് സ്വാഭാവികമായി സര്‍്ക്കാരിനെ വിമര്‍ശിച്ചു.ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരു സന്യാസിക്ക് അവകാശമുണ്ട്. സന്യാസിയും ഒരു പൗരനാണ്.അദ്ദേഹത്തിന് രാഷ്ട്രീയം വിലയിരുത്താനും പറയാനുമുളള അവകാശമുണ്ട്.
ഹിന്ദുസമൂഹത്തോടുളള വഞ്ചന വിലയിരുത്തി ഇത് ചെയ്തവര്‍ക്ക് വിജയമുണ്ടാകരുത് എന്ന് പറയാനുളള അവകാശമുണ്ട്. ശബരിമലയില്‍ നൂറ്റാണ്ടുകളായുളള ആചാരക്രമമാണ് നിലനില്‍ക്കുന്നത്.കേരളത്തില്‍ താന്ത്രികവിദ്യയുടെ അടിസ്ഥാനത്തിലാണ് ആചാരക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ ആരാധന ക്രമത്തില്‍ മാറ്റം വരുത്താന്‍ അതിന്റെതായ സമ്പ്രദായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കര്‍മ സമിതി വ്യക്തമായ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാസമ്പന്നരായ ലക്ഷകണക്കിന് അമ്മമാര്‍ പ്രവര്‍ത്തിച്ചത് വ്യക്തമായ കാഴ്ചപ്പാടോടെയാണ്. ആചാരങ്ങള്‍ ധ്വംസിക്കപ്പെട്ട സമയത്ത് സ്വാഭാവികമായ പ്രതികരണം ഉരുത്തിരിഞ്ഞതാണ്. അധികാരസ്ഥാനങ്ങളെ ഭയപ്പെടുത്തി. ഓരോ ക്ഷേത്രത്തിനും ഓരോ നിയമമുണ്ട്. ആചാരക്രമമുണ്ട് . ഇതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സങ്കല്‍പ്പിക്കുന്ന ഒരു ഭരണകൂടത്തെ ആരും എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ആചാരസംരക്ഷണത്തിന് വേണ്ടി നിലക്കൊണ്ടവര്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ ഉദ്ദേശിച്ച് ചിദാനന്ദപുരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com