മുസ്ലീം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിളളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 18th April 2019 01:03 PM  |  

Last Updated: 18th April 2019 01:03 PM  |   A+A-   |  

 

തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്‌ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരണമാണ് ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 153, 153 എ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി. മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന് ഇടയാക്കി എന്നി കുറ്റങ്ങളാണ് ശ്രീധരന്‍പിളളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയിലാണ് നടപടി.

പി എസ് ശ്രീധരന്‍ പിളള ആറ്റിങ്ങലില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരന്‍പിളളയുടെ വിവാദപരാമര്‍ശം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം മതവിഭാഗത്തിനെതിരേ വിവാദ പരാമര്‍ശം നടത്തിയ ശ്രീധരന്‍പിള്ളയ്‌ക്കെതിരേ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. പരാമര്‍ശം ജനാധിപത്യനിയമത്തിന്റെ ലംഘനം ആണെന്നാണ് മീണയുടെ വിലയിരുത്തല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇതിന് പിന്നാലെയാണ് ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുത്തത്.

'പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ.'  ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ ഈ പരാമര്‍ശമാണ് വിവാദമായത്.