മൂന്നു വയസുകാരനു ക്രൂര മര്‍ദനം; അമ്മയ്‌ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2019 03:36 PM  |  

Last Updated: 18th April 2019 03:36 PM  |   A+A-   |  

child-abuse1

 

കൊച്ചി : ആലുവയില്‍ മൂന്നു വയസുകാരനു മര്‍ദനമേറ്റ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മര്‍ദിച്ചതു താനാണെന്ന് ഇവര്‍ പൊലീസിനോടു സമ്മതിച്ചിരുന്നു. 

മര്‍ദനമേറ്റ കുട്ടിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിലാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. വലിയ തടി കൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് അമ്മ പൊലീസിനോടു പറഞ്ഞത്.  അനുസരണക്കേടിന് ശിക്ഷിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. 

കുട്ടി ക്രൂരമായ പീഡനമാണ് നേരിട്ടിരുന്നത്. കുട്ടിയെ നിരന്തരം മര്‍ദിച്ചു. ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്നും ഇത് കുട്ടി നിരന്തരം ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കാനായി കേരള പൊലീസ് ജാര്‍ഖണ്ഡ്, ബീഹാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തന്നെയാണോ ഇവരെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.