സംസ്ഥാനത്ത് വേനല്‍മഴ തുടരും; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 18th April 2019 07:10 AM  |  

Last Updated: 18th April 2019 07:10 AM  |   A+A-   |  

 

തിരുവനന്തപുരം: കനത്ത വേനലില്‍ നിന്നും ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചു മലപ്പുറത്ത് ഇന്നു ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം വ്യാപകമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ 32.6 മില്ലിമീറ്റര്‍ മഴയും കോട്ടയത്ത് 27 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. ഇതോടെ താപനിലയിലും നേരിയ കുറവുണ്ടായി.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വേനല്‍മഴ ലഭിച്ചതു തുടങ്ങിയതോടെ ചൊവ്വാഴ്ച 41.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടായിരുന്ന പാലക്കാട്ട് ഇന്നലെ 39.2 ഡിഗ്രിയായിരുന്നു. ഇന്നലെ ഒരാള്‍ക്കു സൂര്യാഘാതവും 29 പേര്‍ക്ക് സൂര്യാതപവുമേറ്റു. കോഴിക്കോട് ജില്ലയില്‍ മാത്രം 8 പേര്‍ക്കാണു സൂര്യാതപമേറ്റത്. എറണാകുളത്ത് ഒരാള്‍ക്ക്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും ഉയര്‍ന്ന താപനില ശരാശരിയേക്കാള്‍ 3 ഡിഗ്രി വരെ ഉയരാം.