കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ഗുസ്തി ഡല്‍ഹിയില്‍ ചങ്ങാത്തം; ഈ കാവല്‍ക്കാരന് വോട്ട് തരു; നരേന്ദ്ര മോദി

കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ഡല്‍ഹിയില്‍ അധികാരത്തിന് വേണ്ടി ഒരുമിക്കുന്നു
കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ഗുസ്തി ഡല്‍ഹിയില്‍ ചങ്ങാത്തം; ഈ കാവല്‍ക്കാരന് വോട്ട് തരു; നരേന്ദ്ര മോദി

തിരുവനന്തപുരം: 2014 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രസംഗം ആരംഭിച്ചത്. 2104 മുതല്‍ ബിജെപിയോടും തന്നോടുമുള്ള വിശ്വാസം വര്‍ധിച്ചുവരികയാണ്. നിങ്ങളുടെ അനുഗ്രഹത്തിനായാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. കുമ്മനം രാജശേഖരന്റെ ലളിത ജീവിതമടക്കമുള്ളവ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും പ്രസിദ്ധമാണ്. ഇത്തവണ ബിജെപിക്ക് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മോദി പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റിന് പാര്‍ലമെന്റിലെത്താന്‍ വയനാട്ടില്‍ വരേണ്ടി വന്നു. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ഡല്‍ഹിയില്‍ അധികാരത്തിന് വേണ്ടി ഒരുമിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭഗമാണിത്. രാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ. കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?. 

ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ഡല്‍ഹിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തില്‍ ഗുസ്തി, ജല്‍ഹിയില്‍ ചങ്ങാത്തം എന്നതാണ് ഇവരുടെ സ്ഥിതി. 

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ജനങ്ങളോട് ബഹുമാനമില്ല. അവര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നില്ല. നമ്മുടെ വിശ്വാസങ്ങളേയും മാനിക്കുന്നില്ല. ഇന്ന് കേരളത്തില്‍ ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. ഈശ്വരന്റെ പേര് പറഞ്ഞാല്‍ ജയിലിലടയ്ക്കുന്ന അവസ്ഥയാണുള്ളത്. മെയ് 23ന് ശേഷം മോദി സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കുമ്പോള്‍ കോടതിയടക്കമുള്ള എല്ലാ സ്ഥലങ്ങളിലും വിശ്വാസ സംരക്ഷണത്തിനായി ആവുന്നതെല്ലാം ചെയ്യും. ഭരണഘടനാപരമായ എല്ലാ സംരക്ഷണങ്ങളും ഉറപ്പാക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ്. അത് ജനങ്ങള്‍ തിരിച്ചറിയണം. 

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് ഇന്ന് കേരളത്തില്‍. മുഖ്യമന്ത്രിയടക്കമുള്ളവര്‍ അഴിമതി നിഴലിലാണ്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ഉണ്ടായപ്പോള്‍ നല്‍കിയ ധനം പോലും ചെലവഴിച്ചില്ല. അവയെല്ലാം കൊള്ളയടിക്കുകയായിരുന്നു. 

ഇവിടെ പ്രളയത്തിന് കാരണമായത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ഇത്രയും കഴിവില്ലാത്ത സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അതിവേഗം മുന്നേറുകയാണ് രാജ്യം. കരയിലും സമുദ്രത്തിലും ആകാശത്തിലും ബഹിരാകാശത്തിലും രാജ്യം ുരക്ഷിതമാണ്. ബഹിരാകാശത്ത് കവചം തീര്‍ക്കാന്‍ നിങ്ങളുടെ കാവല്‍ക്കാരന്‍ ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ അധികാരമാണ് നല്‍കിയത്. 

ഇത്തരം കാര്യങ്ങള്‍ മുന്‍പും നടക്കുമായിരുന്നു. എന്നാല്‍ അന്നൊക്കെ ഭരിച്ച കോണ്‍ഗ്രസിന് ഭയമായിരുന്നു. ശാസ്ത്രജ്ഞനായ നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണ്. ഇതാണ് ദേശീയ വാദികളായ സര്‍ക്കാരും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം. ഇതാണ് തീരുമാനങ്ങളെടുക്കുന്നവരുടെ സര്‍ക്കാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സര്‍ക്കാരിനെ തെരെഞ്ഞെടുക്കാനുള്ളതല്ല. മറിച്ച് വരും വര്‍ഷങ്ങളിലെ വികസനത്തിനായുള്ളതാണ്. രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റാനുള്ള തെരഞ്ഞെടുപ്പാണിത്. 

പുതിയ വോട്ടര്‍മാര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ജനാധിപത്യം നയങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. പക്ഷേ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവസരവാദമാണ് പയറ്റുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സംസ്‌കാരമല്ല. ബിജെപിയുടെ നിലപാട് കൃത്യമാണ്. കോണ്‍ഗ്രസിന് കൃത്യമായ നിലപാടില്ലെന്ന് മാത്രമല്ല, ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഒരു നിലപാട്, ഡല്‍ഹിയില്‍ വേറൊരു നിലപാട്. 

കോണ്‍ഗ്രസുകാര്‍ സൈന്യത്തെ അപമാനിക്കുകയാണ്. സൈന്യം പാക്കിസ്ഥാനില്‍ ചെന്ന് ഭീകരരെ തുരത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമ്പോള്‍ സേനയെ അപമാനിക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നത്. സേനയോടുള്ള ആദരവ് നാടിന്റെ സുരക്ഷയോടുള്ള ആദരവാണ്. പ്രതിരോധ മന്ത്രാലയം കോണ്‍ഗ്രസിന് പണം സമ്പാദിക്കാനുള്ള സ്ഥലമായിരുന്നു. 

ശക്തമായ ഒരു സര്‍ക്കാര്‍ നിര്‍മിക്കാന്‍, കരുത്തുള്ള വോട്ടുകളുടെ പിന്തുണ വേണം. അതിന് കരുത്തുറ്റ കാവല്‍ക്കാരന്‍ ഈ നാടിനുണ്ടാകണം. ഈ കാവല്‍ക്കാരന് നിങ്ങള്‍ വോട്ട് നല്‍കണം. താമരയ്ക്ക് നല്‍കുന്ന ഓരോ വോട്ടും മോദിയ്ക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com